road

കിളിമാനൂർ: കലുങ്ക് മാറ്റി പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ റോഡ് തോടായി.കൊടുവഴന്നൂർ പൊയ്കക്കട ആനൂർ ഗുരുമന്ദിരത്തിന് സമീപത്തെ കലുങ്ക് തകർത്താണ് ജലവിതരണത്തിനുള്ള രണ്ടുപൈപ്പ് സ്ഥാപിച്ചത്.നാല് കലുങ്കുകളിൽ രണ്ട് കലുങ്കാണ് മാറ്റിയത്.

റോഡിന്റെ ഒരു വശം ചതുപ്പ് പ്രദേശമാണ്.ഇവിടെ നിറയെ വെള്ളമാണ്.ഈ വെള്ളം കലുങ്കിലേക്ക് ഒഴുകിയെത്തുന്ന ഭാഗത്ത്, പൈപ്പുകൾ സ്ഥാപിച്ചതോടെ ഓട അടഞ്ഞു.ഇതോടെ വെള്ളം റോഡിന്റെ കുറുകെയാണ് ഒഴുകുന്നത്.

മഴ ശക്തമായതോടെ റോഡ് തോടായി മാറി.ഇതോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുകയാണ്. മൊട്ടലുവിള ക്ഷീരസംഘം റോഡിൽ ഒഴുകിയെത്തുന്ന വെള്ളം ഒഴുക്കി വിടാനാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ കലുങ്ക് നിർമ്മിച്ചിരുന്നത്. ജല അതോറിട്ടി അശാസ്ത്രീയമായ രീതിയിൽ പൈപ്പ് സ്ഥാപിച്ചതിനെതിരെ നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.