തിരുവനന്തപുരം: വിമാനത്താവളത്തിൽ 8707കോടി രൂപയുടെ വികസനം വരുന്നു.ടെർമിനൽ നവീകരണം, അനുബന്ധ കെട്ടിടങ്ങൾ,കാർഗോ കോംപ്ലക്സ്, റൺവേ,ഏപ്രൺ ആൻഡ് ടാക്സിവേ,മറ്റ് അടിസ്ഥാന സൗകര്യങ്ങൾ,റോഡ്, മറ്റു ഗതാഗത സൗകര്യങ്ങൾ എന്നിവയാണ് വികസന പദ്ധതിയിലുള്ളത്. പരിസ്ഥിതി അനുമതിയുടെ ഭാഗമായി നാട്ടുകാരുടെ വാദം കേൾക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് 28ന് പൊതു തെളിവെടുപ്പ് നടത്തും. രാവിലെ 10.30 ന് ഈഞ്ചക്കൽ എസ്.പി.എസ് കിംഗ്സ്‌വേ ബിസിനസ് ഹോട്ടലിലാണ് തെളിവെടുപ്പ്.

1300 കോടി രൂപ ചെലവിലാണ് പുതിയ 'അനന്ത' ടെർമിനൽ നിർമ്മിക്കുന്നത്. വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ടെർമിനൽ. ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്‌വേ ഒഫ് ഗുഡ്നസ്) എന്ന രീതിയിലാണ് 'അനന്ത' ടെർമിനൽ അദാനി നിർമ്മിക്കുക.1.2കോടി യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന ടെർമിനൽ പണിതീരാൻ 3വർഷമെടുക്കും. 2070 വരെയുള്ള യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് ടെർമിനൽ വികസനം.

രണ്ട് നിലകളിലായിരിക്കും പുതിയ ടെർമിനൽ. വരുന്നതും പോവുന്നതുമായ യാത്രക്കാർക്കായി ഓരോ നില സജ്ജമാക്കും. മൾട്ടി - ലെവൽ -ഇന്റഗ്രേറ്റഡ് ടെർമിനലിൽ വിസ്തൃതമായ ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ-കസ്റ്റംസ്-ഷോപ്പിംഗ് എന്നിവയുണ്ടാവും.കസ്റ്റംസ്,ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയർപോർട്ട്പ്ലാസ,പഞ്ചനക്ഷത്രഹോട്ടൽ, കൊമേഴ്സ്യൽ- അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്,ഫുഡ്കോർട്ട് എന്നിവയൊരുങ്ങും.