വിദ്യാർത്ഥികളുടെ ഭാവിയെപ്പോലും അപകടത്തിലാക്കുന്ന തരത്തിൽ സർവകലാശാലകളിലെ രാഷ്ട്രീയപ്പോരും അധികാര വടംവലിയും ഭരണസ്തംഭനവും മൂർച്ഛിക്കുകയാണ്. ഒരുവശത്ത് ചാൻസലറായ ഗവർണറും വൈസ്ചാൻസലർമാരും മറുവശത്ത് സിൻഡിക്കേറ്റുകളും തമ്മിലാണ് പോര്. ഒന്നേകാൽലക്ഷം കുട്ടികളുള്ള കേരളസർവകലാശാലയിൽ സ്ഥിതി ഗുരുതരമാണ്. സസ്പെൻഷൻ അംഗീകരിക്കാത്ത രജിസ്ട്രാറും വി.സിയും സിൻഡിക്കേറ്റും തമ്മിലുള്ള തർക്കവും ഭരണസ്തംഭനത്തിന് വഴിവയ്ക്കുന്നു. കണ്ണൂർ, കാലിക്കറ്റ്, ഡിജിറ്റൽ സർവകലാശാലകളിൽ വൈസ്ചാൻസലറും സിൻഡിക്കേറ്റുമായി പോരിലാണ്.
ബഡ്ജറ്റ് പാസാക്കാത്തതിനെത്തുടർന്ന് സാങ്കേതിക സർവകലാശാലയിൽ 2മാസത്തെ പെൻഷനും കഴിഞ്ഞമാസത്തെ ശമ്പളവും മുടങ്ങി. 3മാസത്തേക്ക് പാസാക്കിയ വോട്ട് ഓൺ അക്കൗണ്ടിന്റെ കാലാവധി ജൂണിൽ അവസാനിച്ചതോടെ സർവകലാശാലയിലെ സാമ്പത്തിക ഇടപാടുകൾ സ്തംഭിച്ചു. ബഡ്ജറ്റ് പാസാക്കാൻ സിൻഡിക്കേറ്റ്, ബോർഡ് ഒഫ് ഗവർണേഴ്സ് യോഗം വി.സി പലവട്ടം വിളിച്ചെങ്കിലും ക്വാറംതികയാതെ പിരിഞ്ഞു. സ്വകാര്യ കമ്പനിക്ക് പണം നൽകാതെ സോഫ്റ്റ്‌വെയർ സേവനം മുടങ്ങിയാൽ പരീക്ഷാനടത്തിപ്പ് അവതാളത്തിലാവും. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പോലും നൽകുന്നില്ല. സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാൻ പണമില്ല. സോഫ്റ്റ്‌വെയർ, ഇന്റർനെറ്റ് സേവകർക്ക് പണവും നൽകിയിട്ടില്ല. സിൻഡിക്കേറ്റ് യോഗം ചേർന്നാലേ ശമ്പളം നൽകുന്നതിന് അടക്കമുള്ള ബഡ്ജറ്റ് വിഹിതം അനുവദിക്കാൻ കഴിയൂ. ബഡ്ജറ്റ് പാസാക്കാനുള്ള ബോർഡ് ഒഫ് ഗവേർണേഴ്സ് യോഗത്തിനായി ഗവർണർ ആർ.വി ആർലേക്കർ യൂണിവേഴ്സിറ്റിയിലെത്തിയിട്ടും രാഷ്ട്രീയ നിർദ്ദേശം കാരണം മറ്റുള്ളവർ വിട്ടുനിന്നതിനാൽ ക്വാറം തികയ്ക്കാനായിരുന്നില്ല. സിൻഡിക്കേറ്റിൽ സർക്കാർ നോമിനേറ്റ്ചെയ്ത ആറുപേരുടെ കാലാവധി കഴിഞ്ഞു. പ്രിൻസിപ്പൽ, അദ്ധ്യാപക ക്വോട്ടയിലെ നാല് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. സർക്കാർ പ്രതിനിധികളടക്കം എക്സ് ഒഫിഷ്യോ അംഗങ്ങളുണ്ടെങ്കിലും ഇവർ സിൻഡിക്കേറ്റിലെത്താറില്ല.
കേരള സർവകലാശാലയിൽ വൈസ്ചാൻസലറും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളുമായുള്ള തർക്കം രൂക്ഷമായി. സിൻഡിക്കേറ്റ് റൂമിലേക്ക് സിൻഡിക്കേറ്റംഗങ്ങൾ വനിതാ ജീവനക്കാരെയടക്കം വിളിച്ച് മോശമായ ഭാഷയിൽ സംസാരിച്ചെന്നും അപമര്യാദ കാട്ടിയെന്നും തട്ടിക്കയറിയെന്നുമുള്ള പരാതിയെത്തുടർന്ന് സിൻഡിക്കേറ്റ് റൂം വി.സിയുടെ നിർദ്ദേശപ്രകാരം പൂട്ടി. വി.സിയുടെ ഓഫീസിന്റെ ഭാഗമായ സിൻഡിക്കേറ്റ് റൂം സിൻഡിക്കേറ്റ് യോഗമുള്ളപ്പോൾ മാത്രം തുറന്നാൽ മതിയെന്നാണ് വി.സിയുടെ നിർദ്ദേശം. താക്കോൽ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി ഡിജോ കാപ്പന്റെ കൈവശത്തിലാക്കി. സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ. അനിൽകുമാറിന്റെ ഇ-ഫയൽ ലോഗിൻ റദ്ദാക്കിയതിന് വനിതാ ജീവനക്കാരെയടക്കം സിൻഡിക്കേറ്റ് റൂമിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതിന് സിൻഡിക്കേറ്റംഗങ്ങളായ ജെ.എസ്. ഷിജുഖാൻ, ജി. മുരളീധരൻ എന്നിവർക്കെതിരെ ജീവനക്കാരുടെ പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
സിൻഡിക്കേറ്റംഗങ്ങൾ ഏതെങ്കിലും ജീവനക്കാരെയോ ഉദ്യോഗസ്ഥരെയോ വിളിപ്പിക്കുകയോ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്താൽ അതിനോട് പ്രതികരിക്കേണ്ടതില്ലെന്നും ഇത്തരം സംഭവങ്ങൾ ഉടനടി വൈസ് ചാൻസലറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും രജിസ്ട്രാറുടെ ചുമതലയുള്ള പ്ലാനിംഗ് ഡയറക്ടർ ഡോ. മിനി ഡിജോ കാപ്പൻ ഇന്നലെ ഇറക്കിയ ഉത്തരവിൽ പറയുന്നു.
സിൻഡിക്കേറ്റംഗങ്ങൾ ജീവനക്കാരെ സിൻഡിക്കേറ്റ് റൂമിൽ വച്ച് ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിനെത്തുടർന്നാണിത്. വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിൽ സിൻഡിക്കേറ്റ് യോഗം ചേരുമ്പോൾ മാത്രമാണ് സിൻഡിക്കേറ്റംഗങ്ങൾക്ക് നിയമപ്രകാരമുള്ള അധികാരങ്ങളുള്ളത്. ഈ യോഗത്തിലല്ലാതെ സിൻഡിക്കേറ്റംഗങ്ങളുടെ നിർദ്ദേശങ്ങളും നടപടികളും നിയമപരമല്ല. സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റംഗങ്ങൾക്ക് അധികാരമില്ല. ജീവനക്കാരെ വിളിച്ചുവരുത്താനോ നിർദ്ദേശം നൽകാനോ ഫയലുകൾ വിളിപ്പിക്കാനോ സിൻഡിക്കേറ്റംഗങ്ങൾക്ക് നിയമപരമായി അധികാരമില്ല- ഉത്തരവിൽ വ്യക്തമാക്കി.
ഫെലോഷിപ്പ്
കിട്ടിയാലും രക്ഷയില്ല
കേരള സർവകലാശാലയിൽ സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ ഔദ്യോഗിക സീൽ കൈമാറാത്തതിനാൽ യൂറോപ്യൻ യൂണിയന്റെ 80ലക്ഷത്തിന്റെ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥിനി അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലായിരുന്നു.
ബോട്ടണിയിൽ പി.എച്ച്ഡി നേടിയിരുന്ന സജ്ന സലിമിനാണ് യൂറോപ്യൻ യൂണിയന്റെ 80ലക്ഷം രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് ലഭിച്ചത്. രേഖകൾ നൽകേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. സജ്നയുടെ ഓപ്പൺ ഡിഫൻസടക്കം പൂർത്തിയാക്കുകയും പി.എച്ച്ഡി നൽകാൻ പരിശോധനാ സമിതി ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ ബിരുദം നൽകാനായില്ല. അടിയന്തര സാഹചര്യമായതിനാൽ വി.സി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് 2ദിവസം മുൻപ് പിഎച്ച്ഡി നൽകാൻ ഉത്തരവിട്ടു. എന്നാൽ പിഎച്ച്ഡി സർട്ടിഫിക്കറ്റിൽ രജിസ്ട്രാറുടെ സീൽ പതിപ്പിക്കേണ്ടതുണ്ട്. സീൽ വിട്ടുനൽകാനോ സർട്ടിഫിക്കറ്റിൽ പതിപ്പിക്കാനോ ഡോ. അനിൽകുമാറിന്റെ ഓഫീസ് തയ്യാറായില്ല. ഇതേത്തുടർന്ന് ജീവനക്കാർ കൂട്ടമായെത്തി രജിസ്ട്രാറുടെ ഓഫീസിൽ ബഹളമുണ്ടാക്കി. ഇതേത്തുടർന്ന് സജ്നയ്ക്ക് രജിസ്ട്രാറുടെ ഔദ്യോഗിക സീൽ പതിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകി. വി.സി പലവട്ടം ആവശ്യപ്പെട്ടിട്ടും ഡോ. അനിൽകുമാർ രജിസ്ട്രാറുടെ സീൽ കൈമാറിയിട്ടില്ല. ഇതിനായി പൊലീസ് സഹായം തേടാനാണ് വി.സിയുടെ തീരുമാനം. രജിസ്ട്രാറുടെ സീൽ പതിപ്പിക്കാത്തതിനാൽ നിരവധി സർട്ടിഫിക്കറ്റുകൾ നൽകാനാവുന്നില്ലെന്ന് വി.സി വ്യക്തമാക്കി.