ddd

വർക്കല: തീർത്ഥാടന വിനോദസഞ്ചാര മേഖലയായ വർക്കലയിൽ ഭിക്ഷാടകരുടെ എണ്ണത്തിൽ നാൾക്കുനാൾ വർദ്ധന. വർക്കല റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും തെരുവോരങ്ങളിലും പ്രധാന ആരാധനാലയങ്ങൾക്കു സമീപവും ഹോട്ടലുകൾക്ക് മുന്നിലുമെല്ലാം യാചകരുണ്ട്. പകൽ സമയങ്ങളിൽ അലഞ്ഞുതിരിയുകയും രാത്രിയിൽ വർക്കല മുനിസിപ്പൽ പാർക്ക് പരിസരത്തും കടത്തിണ്ണകളിലും കിടന്നുറങ്ങുകയുമാണ് ഇക്കൂട്ടർ. കൂട്ടത്തിൽ മാനസിക പ്രശ്നങ്ങളുള്ളവരുമുണ്ട്.

പിറകെ നടന്ന് ശല്യംചെയ്ത് പണം ആവശ്യപ്പെടുന്ന ഇക്കൂട്ടർ,​പണം കിട്ടിയില്ലെങ്കിൽ സ‌ഞ്ചാരികളെ ചീത്ത പറയുന്നതും പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്. യാചകരെ നിയന്ത്രിക്കാൻ വർക്കല നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അന്യസംസ്ഥാനത്തു നിന്നും യാചകരെത്തുന്നു

പണം നൽകിയില്ലെങ്കിൽ ചീത്തവിളിയുറപ്പ്

ചികിത്സാസഹായത്തിന്റെ പേരിലും തട്ടിപ്പ്

യാചകരുടെ മറവിൽ മോഷണസംഘങ്ങളും സജീവം

സുരക്ഷാപ്രശ്നങ്ങളും

വസ്ത്രങ്ങളായും ഭക്ഷണമായും ഭിക്ഷ വാങ്ങുന്നതിന് മടിക്കുന്നവരാണ് യാചകരിൽ ഭൂരിഭാഗവും. ഇടറോഡുകളിലൂടെ വീടുകളിലെത്തുന്ന യാചകരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. യാചകർ സംഘം ചേർന്നാൽ ഭവനഭേദനവും മോഷണവും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമൊക്കെ തുടർക്കഥയായേക്കാമെന്ന ഭീതിയിലാണ് നാട്ടുകാർ. മദ്യപിക്കാനുള്ള പണത്തിനായി ഭിക്ഷാടനം നടത്തുന്നവരും വർക്കലയിൽ നിരവധിയാണ്.

ഹൈടെക് ഭിക്ഷാടനവും

ഗൂഗിൾ പേ സ്കാനിംഗ് ബാർകോഡ് പ്രിന്റ് ചെയ്ത ലാമിനേറ്റഡ് പേപ്പറിൽ,​ബുദ്ധിമുട്ടികൾ എഴുതി വീടുവീടാന്തരം കയറിയിറങ്ങുന്ന ന്യൂജൻ ഭിക്ഷാടകരുമുണ്ട്. ഭംഗിയായി വസ്ത്രധാരണം ചെയ്തെത്തുന്ന ഇവർ അധികാരഭാവത്തിൽ വീടുകളിലെത്തി ഭിക്ഷയാവശ്യപ്പെടുന്നതായും പരാതിയുണ്ട്.

തട്ടിപ്പ് ഭിക്ഷാടന സംഘങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം. കൃത്യമായ സഹായം വേണമെന്നുതോന്നിയാൽ നിയമപരമായി അംഗീകൃത സാമൂഹ്യസേവന സ്ഥാപനങ്ങൾ വഴി സഹായം നൽകുക.

അഡ്വ. ആർ.അനിൽകുമാർ,

നഗരസഭ കൗൺസിലർ