വെഞ്ഞാറമൂട്: കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിക്കാതെ വെഞ്ഞാറമൂട് ഫയർഫോഴ്സ് നിലയം. നിലവിൽ വാടക കെട്ടിടത്തിൽ സ്ഥല സൗകര്യമില്ലാതെയാണ് ഫയർഫോഴ്സ് ഓഫീസ് പ്രവർത്തിക്കുന്നത്.
2 വർഷം മുൻപാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. സംസ്ഥാന റോഡിനോടു ചേർന്ന് കീഴായിക്കോണം എറിപാറയിലാണ് പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ ഈ കെട്ടിടത്തിന് ചുറ്റും കാട് വളർന്ന്, പ്രദേശം ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.
നിലവിൽ കെട്ടിടത്തിൽ ഓഫീസ് മുറിയടക്കം എല്ലാ ജോലികളും പൂർത്തിയായി.പൈപ്പ് ലൈൻ,വയറിംഗ് എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. എത്രയുംവേഗം ഈ കെട്ടിടത്തിൽ ഫയർഫോഴ്സിന്റെ പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെട്ടിട നിർമ്മാണത്തിന് ചെലവാക്കിയത്
2കോടി 60 ലക്ഷം രൂപ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ചു.
കരാർ
ഊരാളുങ്കൽ കമ്പനി കരാർ ഏറ്റെടുത്ത് കെട്ടിട നിർമാണം പൂർത്തിയാക്കി
കെട്ടിട നിർമ്മാണം പൂർത്തിയായിട്ട് 4 മാസം
പ്രശ്നം
പുതിയ ഫയർഫോഴ്സ് സമുച്ചയത്തിന് ചുറ്റുമതിലും മുറ്റത്ത് ഇന്റർലോക്ക് വിരിക്കുന്നതിനുവേണ്ടി പുതിയ എസ്റ്റിമേറ്റെടുത്തു 78 ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റാണ് സമർപ്പിച്ചിരിക്കുന്നത്.ഈ തുക ലഭിക്കുന്ന മുറയ്ക്ക് ചുറ്റുമതിൽ നിർമാണവും അനുബന്ധ ജോലികളും പൂർത്തിയാക്കിയശേഷം ഉദ്ഘാടനം നടത്താമെന്നാണ് അധികൃതരുടെ തീരുമാനം.