1

വിഴിഞ്ഞം: സ്വതന്ത്ര്യസമര സേനാനി കോട്ടുകാൽ എ.പ്രഭാകരൻ നായരുടെ സ്മാരകം പുന്നക്കുളം ജംഗ്ഷനിൽ അനുജൻ എ.ഗോപിനാഥൻ നായർ വിളക്ക് തെളിച്ച് അനാച്ഛാദനം ചെയ്തു. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എസ്.ഹരികുമാർ, അതിയന്നൂർ ബ്ലോക്ക് മെമ്പർ എം.വി.മൻമോഹൻ, കോൺഗ്രസ് ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് പുന്നക്കുളം ബിനു, സ്മാരക നിർമ്മാണത്തിന് നേതൃത്വം വഹിച്ച ശ്രീകണ്ഠൻ നായർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ (പി.എസ്.പി) നെയ്യാറ്റിൻകര താലൂക്കിലെ യുവജന വിഭാഗം മുതൽ സംസ്ഥാന സെക്രട്ടറി വരെയുള്ള പദവികൾ പ്രഭാകരൻ നായർ അലങ്കരിച്ചിട്ടുണ്ട്. 1987ൽ 40ാം സ്വാതന്ത്ര്യദിനത്തിൽ കേന്ദ്ര സർക്കാർ താമ്രപത്രം നൽകി ആദരിച്ചു.കോട്ടുകാൽ പഞ്ചായത്തിൽ 40 വർഷത്തോളം ജനപ്രതിനിധി. 16 വർഷം കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റും 10വർഷത്തോളം അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും വികസനകാര്യ സമിതി ചെയർമാനുമായിരുന്നു. കോട്ടുകാൽ ഗവൺമെന്റ് ഹൈസ്കൂളിനായി മൂന്നേക്കർ ഭൂമി സൗജന്യമായി നൽകി. കോട്ടുകാൽ സർക്കാർ ആശുപത്രി സ്ഥിതിചെയ്യുന്ന 50 സെന്റ് സ്ഥലം നെയ്ത്ത് തൊഴിലാളികൾക്ക് വീട് നിർമ്മിക്കുന്നതിനായും മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനായി 65സെന്റ് വസ്തുവും സൗജന്യമായി നൽകി. കോട്ടുകാൽ സർവീസ് സഹകരണ സംഘം സ്ഥാപകനാണ്. 1966ൽ ആദ്യമായി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ഈ ദേശത്ത് ആരംഭിച്ചതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.