തിരുവനന്തപുരം:സംഘടനയ്ക്ക് അനുദിനം തലവേദനയായിരുന്ന എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടില്ല. ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം.ആരെയും പുറത്താക്കേണ്ടെന്നാണ് തീരുമാനം. സി.പി.എമ്മും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. പാളയം ഏരിയാ കമ്മിറ്റിയുടെ കീഴിൽ നിന്ന് ജില്ലാ കമ്മിറ്റിക്ക് കീഴിലാക്കിയതോടെ അച്ചടക്കം പാലിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
യൂണിറ്റ് തലപ്പത്തുള്ളവരെ ചിലപ്പോൾ മാറ്റി പുതിയ ആളുകളെ നിയമിച്ചേക്കും.യോഗത്തിലും ജില്ലാ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനമുയർന്നു. 28 വയസുള്ള പ്രസിഡന്റ് നാലുവർഷം ബിരുദ കോഴ്സിലാണ് അഡ്മിഷനെടുത്തത്. കൂടെ പഠിക്കുന്ന വിദ്യാർത്ഥികൾ 17,18 വയസുള്ളവരാണ്.ഇതും ചർച്ചയായി.
പ്രശ്നങ്ങളിൽ പ്രസിഡന്റിന്റെ പകത്വക്കുറവും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റിനെ യൂണിറ്റ് കമ്മിറ്റിയിലെ ചില അംഗങ്ങൾ മർദ്ദിച്ചതിൽ കടുത്ത അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ചു.ഇതിൽ ജില്ലാ പ്രസിഡന്റിന് കടുത്ത അതൃപ്തിയുണ്ട്. യൂണിറ്റ് കമ്മിറ്റി ഒന്നാകെ പിരിച്ചുവിട്ടാൽ വരാനിരിക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വെല്ലുവിളിയാകുമെന്നു കണ്ടാണ് നേതൃത്വത്തിന്റെ ഈ നീക്കം.
കൂടാതെ സർവകലാശാല സമരത്തിലുൾപ്പെടെ പ്രതിച്ഛായ നേടി നിൽക്കുന്ന ഈ ഘട്ടത്തിൽ നടപടിയുണ്ടായാൽ അത് മുഴുവൻ സംഘടനാപ്രവർത്തനങ്ങൾക്കും നാണക്കേടാകുമെന്നും വിലയിരുത്തലുണ്ടായി.
ഭിന്നശേഷിക്കാരനായ എസ്.എഫ്.ഐ പ്രവർത്തകനെയും ബന്ധുവായ വിദ്യാർത്ഥിയെയും മർദ്ദിച്ച സംഭവത്തിൽ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടാൻ പാർട്ടി നിർദ്ദേശപ്രകാരം എസ്.എഫ്.ഐ തീരുമാനിച്ചതാണ്. എന്നാൽ നിർദ്ദേശം പാലിക്കാൻ യൂണിറ്റ് തയ്യാറായില്ല. മുൻകൂർ ജാമ്യം നേടിയ പ്രതികൾക്ക് സ്വീകരണമൊരുക്കുകയും പഴയ യൂണിറ്റ് ഭാരവാഹികൾ തന്നെ തുടരുകയുമായിരുന്നു. മാത്രമല്ല ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെയും സുഹൃത്തുക്കളെയും വീണ്ടും ആക്രമിക്കുകയും ചെയ്‌തു. അപ്പോഴെല്ലാം പാർട്ടി ഇടപെട്ടെങ്കിലും ഇവരെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. കോളേജിലെ ചില അദ്ധ്യാപകരും ഇത്തരം ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് പരസ്യമായി സ്വീകരിച്ചത്.
ഇതേ കേസുകളിൽ പ്രതികളായ യൂണിറ്റ് അംഗങ്ങൾ തന്നെയാണ് ജില്ലാ പ്രസിഡന്റിനെയും മർദ്ദിച്ചത്. സംഭവമറിഞ്ഞ് പൊലീസെത്തിയെങ്കിലും ഇരുവിഭാഗങ്ങളും പരാതിയില്ലെന്നുപറഞ്ഞ് പിരിഞ്ഞുപോകുകയായിരുന്നു.