vnv

പരസ്പരം

വി.എൻ. വാസവൻ

ദേവസ്വം,​ സഹകരണ വകുപ്പ് മന്ത്രി

ഭക്തരല്ലാത്ത കമ്മ്യൂണിസ്റ്റുകൾക്ക് ക്ഷേത്രകാര്യങ്ങളും വിശ്വാസികളുടെ വിഷയവും വഴങ്ങില്ലെന്ന ധാരണയ്ക്കു മേലെ കുറുകെയൊരു വെട്ടിട്ടുകൊണ്ട് ദേവസ്വം മന്ത്രി വി.എൻ. വാസവൻ മതത്തെക്കുറിച്ചും,​ ആചാരങ്ങളെക്കുറിച്ചും,​വിദ്വേഷങ്ങളുടെ ഒഴുക്കു തടഞ്ഞ് കലർപ്പില്ലാത്ത ക്ഷേത്രഭരണം ഉറപ്പാക്കുന്നതിനെക്കുറിച്ചുമൊക്കെ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു...

? ശബരിമലയിൽ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം.

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ശബരിമലയിലേക്ക് ആകർഷിക്കുകയും,​ അവരുടെ ആശയങ്ങൾ ശബരിമലയുടെ വികസനത്തിന് പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം. 3000 പ്രവാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗമം സെപ്തംബർ മൂന്നാംവാരം പമ്പയിലാണ് നടക്കുക. പങ്കെടുക്കാനെത്തുന്നവർക്ക് കോട്ടയം,​ പത്തനംതിട്ട,​ നിലയ്ക്കൽ എന്നിവിടങ്ങളിൽ താമസസൗകര്യമൊരുക്കും. ശബരിമലയുടെ വികസനത്തിനായി പ്രവാസികളുടെ നവീന ആശയങ്ങൾ ശേഖരിക്കും. ശബരിമല വികസനത്തിന് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് 1073 കോടിയുടെ മാസ്റ്റർപ്ളാൻ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇതിൽ 773 കോടിയുടെ വികസനം ശബരിമലയിലും ബാക്കി പമ്പയിലും നിലയ്ക്കലുമായാണ് നടപ്പാക്കുക.

?​ വിശ്വാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളുടെ ജാഗ്രത...

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണസംവിധാനങ്ങളിൽ വിശ്വാസിയുടെ ക്ഷേമം പരമപ്രധാനമാണ്. ഭരണഘടന അനുസരിച്ച് ഓരോ വ്യക്തിക്കും ഏതു മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഏത് ആചാരവും അനുഷ്ഠാനവും പിന്തുടരാനും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുകയാണ് ഭരണകൂടത്തിന്റെ കർത്തവ്യം. ആ ചുമതല കൃത്യമായി നിറവേറ്റുന്ന ഗവൺമെന്റാണ് കേരളത്തിലേത്.

?​ ക്ഷേത്രങ്ങളുടെ പ്രവർത്തനം പരാതിരഹിതമാണോ.

അഞ്ച് ദേവസ്വം ബോർഡുകളാണ് കേരളത്തിൽ. തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ നടവരുമാനമുള്ളതും കൂടുതൽ ഭക്തർ എത്തിച്ചേരുന്നതും ശബരിമലയിലാണ്. കഴിഞ്ഞവർഷം 53,​60,​000-ത്തിൽപരം ഭക്തരാണ് ദർശനം നടത്തിയത്. ഒരു വിവാദവും പരാതിയുമില്ലാതെ മണ്ഡലകാലത്തും മകരവിളക്ക് കാലത്തും ഭംഗിയായി തീർത്ഥാടനം പൂർത്തിയാക്കാനായി. തമിഴ്നാട് ദേവസ്വംമന്ത്രി ശേഖർബാബു മൂന്നു പ്രാവശ്യമാണ് ശബരിമലയിലെത്തിയത്. അദ്ദേഹം പറഞ്ഞത്,​ 'അമ്പതു വർഷമായി ഞാൻ ശബരിമലയിൽ വരുന്നുണ്ട്,​ ഇത്രയും സുഗമമായ തീർത്ഥാടനം വേറെയില്ല"എന്നാണ്. ആറ്രുകാൽ പൊങ്കാലയും പരാതികളില്ലാത്തതായിരുന്നു. 20 ലക്ഷം സ്ത്രീകൾ പൊങ്കാലയിട്ടു. ഇപ്രാവശ്യത്തെ തൃശ്ശൂർ പൂരവും വിവാദമില്ലാതെ ഭംഗിയാക്കാനായി. കേരളത്തിലെ ചെറുതും വലുതുമായ അനവധി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ഭംഗിയായി നടന്നു.

?​ ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ കടന്നുകയറ്രമുണ്ടല്ലോ.

ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റേതും വകുപ്പിന്റേതും കർശന നിലപാടാണ്. ക്ഷേത്രങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയചിഹ്നങ്ങളോ കൊടിതോരണങ്ങളോ അനുവദിക്കില്ല. ജാതിസ്പർദ്ധയോ മതവിദ്വേഷമോ ഉണ്ടാക്കുന്ന പ്രചാരണങ്ങളും അനുവദിക്കില്ലെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

?​ സോഷ്യൽ മീഡിയ വഴി ആർക്കും ഏത് മതത്തെയും പലതരത്തിൽ വ്യാഖാനിക്കാനും മതസ്പർദ്ധയുള്ള പ്രചാരണങ്ങൾക്കും അവസരം ലഭിക്കുന്നല്ലോ.

സോഷ്യൽ മീഡിയയ്ക്ക് ഗുണവും ദോഷവുമുണ്ട്. സോഷ്യൽ മീഡിയയിലെ അധമസംസ്കാരത്തിന്റെ ആവിർഭാവത്തെ ആട്ടിപ്പായിക്കണം. മതവിദ്വേഷവും സ്പർദ്ധയും ഉണ്ടാക്കുന്ന പ്രചാരണങ്ങൾ മതനിരപേക്ഷ രാജ്യത്തിന് ഭൂഷണമല്ല.

?​ പല ക്ഷേത്രങ്ങളും തസ്തികകളിൽ നിന്ന് പിന്നാക്ക ജാതിക്കാരെ മാറ്റിനിറുത്തുന്നുണ്ടല്ലോ.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വന്നതിനു ശേഷം സംവരണനിയമം കൃത്യമായി പാലിക്കുന്നുണ്ട്. ബോർഡാണ് എല്ലാ സ്ഥലത്തും ആളെ നിയമിക്കുന്നത്. പി.എസ്.സിയുടെ നിലവാരത്തിൽ അവിടത്തെ സംവരണ നിയമം തന്നെയാണ് ഇവിടെയും പാലിക്കുന്നത്.

?​ കൂടൽമാണിക്യം ക്ഷേത്രത്തിൽ ബാലുവിനു ശേഷമെത്തിയ ആൾക്ക് നിയമന ഉത്തരവ് ലഭിച്ചില്ലല്ലോ.

ദേവസ്വം ബോ‌ർഡും റിക്രൂട്ട്മെന്റ് ബോർഡും എല്ലാക്കാര്യവും ചെയ്തു. നിയമനത്തെ എതിർക്കുന്നവർ ഹൈക്കോടതിയെ സമീപിച്ചതാണ് തത്കാലത്തെ തടസത്തിനു കാരണം.

?​ ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്നൊരു പ്രചാരണമുണ്ടല്ലോ.

ശബരിമല ഉൾപ്പെടെ ഒരു ക്ഷേത്രത്തിലെയും വരുമാനത്തിൽനിന്ന് ഒരുരൂപ പോലും ഗവൺമെന്റ് എടുക്കുന്നില്ല. ക്ഷേത്രങ്ങളുടെ പണം ഗവൺമെന്റിന് വിനിയോഗിക്കാനാവില്ല എന്നത് നിയമമാണ്. ക്ഷേത്രവികസനത്തിനായി ഗവൺമെന്റ് പണം കൊടുക്കുന്നുമുണ്ട്. ഒന്ന്,​ രണ്ട് പിണറായി സർക്കാരുകൾ 620 കോടി രൂപയാണ് ക്ഷേത്രവികസനത്തിനായി ദേവസ്വം ബോ‌ർഡുകൾക്ക് നൽകിയത്. ശബരിമലയിൽ കിഫ്ബിയിലൂടെ 146 കോടിയുടെ പ്രോജക്ട് നടന്നുവരികയാണ്.

?​ ശബരിമലയിലെ റോപ് വേ നിർമ്മാണം...

ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി,​ കേന്ദ്രത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. 2.7 കിലോമീറ്ററാണ് റോപ്‌വേ. നിർമ്മാണത്തിനായി വനംവകുപ്പ് നൽകിയ സ്ഥലത്തിന് പകരമുള്ള സ്ഥലം അവർക്ക് കൈമാറി. വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങും.

?​ മതത്തെയും ആത്മീയതയെയും കമ്മ്യൂണിസ്റ്ര് വീക്ഷണത്തിൽ എങ്ങനെ വിലയിരുത്തുന്നു.

കമ്മ്യൂണിസ്റ്ര് പാർട്ടിയിൽ വിശ്വസിക്കുന്ന നിരവധിപേർ ആരാധനാലയങ്ങളിൽ പോകുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യുന്നവരെല്ലാം പാർട്ടിയുടെ ആശയപരമായ അടിത്തറ പൂർണമായി ഉൾക്കൊള്ളുന്നവരോ വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദം അംഗീകരിക്കുന്നവരോ അല്ല. വിശ്വാസിയുടെ നിലപാടിനെ പാർട്ടി എതിർക്കുന്നില്ല. ഒരർത്ഥത്തിലും ആത്മീയകാര്യങ്ങളെ നിരാകരിക്കലല്ല പാർട്ടി നയം. പാർട്ടി അനുഭാവികളെല്ലാം മാർക്സിസ്റ്റ്, ലെനിനിസ്റ്റ് തത്വശാസ്ത്രം അംഗീകരിച്ച് നിരീശ്വരവാദികളായി മാറണമെന്നു പറയുന്നത് ശരിയല്ല.

?​ മതങ്ങളെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടിൽ ആകൃഷ്‌ടനാണല്ലോ...

ശ്രീനാരായണ ഗുരുവിന്റെ 'പലമതസാരവുമേകം" എന്ന വിശ്വമാനവിക സന്ദേശം എത്ര ഉന്നതമായ വീക്ഷണമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലത്തായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്" എന്നാണ് ഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നൽകിയ സന്ദേശം. മാതൃകാസ്ഥാനത്തിനു പകരം 'ഈഴവസ്ഥാനം" എന്നെഴുതിയിരുന്നെങ്കിലും വരികളുടെ സന്ധിയും സമാസവും തെറ്റില്ലായിരുന്നു. പക്ഷേ മാതൃകാസ്ഥാനമെന്ന് എഴുതിയ ഗുരുവിന്റെ ദീർഘവീക്ഷണമാണ് പിന്നീട് 'പലമതസാരവുമേകം" എന്ന സന്ദേശത്തിലേക്ക് എത്തിയത്.

?​ മതഗ്രന്ഥങ്ങൾ വായിക്കാറുണ്ടോ.

രാമായണം, മഹാഭാരതം, ഭഗവത്ഗീത, ഖുർ ആൻ, ബൈബിൾ എന്നിവയൊക്കെ വായിച്ചിട്ടുണ്ട്.

?​ നവോത്ഥാന ആശയങ്ങൾ സംരക്ഷിക്കപ്പെടാൻ അന്ധവിശ്വാസ നിരോധന നിയമം പ്രസക്തമല്ലേ.

അന്ധവിശ്വാസങ്ങൾക്ക് എല്ലാ കാലത്തും പാർട്ടി എതിരാണ്. മനഃപരിവർത്തനത്തിലൂടെയും ആശയപ്രചാരണത്തിലൂടെയും ബോധനിലവാരം വളർത്തിയെടുത്താലേ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാകൂ. ശ്രീനാരായണ ഗുരുദേവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ, ചാവറ അച്ചൻ, പൊയ്‌കയിൽ കുമാര ഗുരുദേവൻ, വക്കം മൗലവി എന്നിവരെല്ലാം ചേർന്ന് ഉഴുതുമറിച്ച നവോത്ഥാനമൂല്യങ്ങളുടെ മണ്ണുണ്ട് കേരളത്തിൽ. അവരൊക്കെ ഏറ്റെടുത്ത പോരാട്ടങ്ങൾ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായിരുന്നു. മഹാകവി കുമാരനാശാന്റെ ഏതാണ്ടെല്ലാ കവിതകളും സാമൂഹ്യപുരോഗതിക്കായി തൂലിക പടവാളാക്കി അദ്ദേഹം എഴുതിയിട്ടുള്ളതാണ്.

?​ ആശാൻ കവിതകളോടുള്ള അടുപ്പം.

ആശാന്റെ എല്ലാ കവിതകളും ഇഷ്ടമാണെങ്കിലും ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ചിന്താവിഷ്ടയായ സീതയുമാണ് ഏറ്റവും പ്രിയം. രാമന്റെ തെറ്റിനെ ചോദ്യം ചെയ്ത സീതയെ അവതരിപ്പിച്ചത് ആശാനാണ്. യഥാർത്ഥത്തിൽ സ്ത്രീകളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചത് സീതയിൽനിന്നാണ്. ആധുനിക കാലഘട്ടത്തിലെ ഫെമിനിസത്തിന്റെ തുടക്കം ഒരുപക്ഷേ ആശാന്റെ ചിന്താവിഷ്ടയായ സീതയിൽ നിന്നാവാം. വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, വയലാർ, ഒ.എൻ.വി, സുഗതകുമാരി, ഏഴാച്ചേരി, കുരീപ്പുഴ ശ്രീകുമാർ തുടങ്ങി മുരുകൻ കാട്ടാക്കട ഉൾപ്പെടെയുള്ള കവികളെ ഇഷ്ടമാണ്.

?​ ശരിയായ മതവീക്ഷണം നൽകാനും അനാചാരങ്ങളെ അകറ്റാനും ഒരു വകുപ്പ് ആലോചിക്കാവുന്നതാണോ.

വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുന്നതാണ് പ്രായോഗികം. മന്ത്രവാദം, കൂടോത്രം പോലുള്ള അനാചാരങ്ങൾ, വിശ്വാസത്തട്ടിപ്പ് എന്നിവയ്ക്കെതിരെ നിയമനടപടികൾ കർശനമായി നടപ്പാക്കുകയാണ് ഇതിനു വേണ്ടത്.