നെടുമങ്ങാട്: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ അസഭ്യം പറയുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കല്ലറ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന അമ്പാടിയെയാണ് (30) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പനവൂർ ആനായികോണത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ അസഭ്യം പറയുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ ഇയാളെ നാട്ടുകാർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ പൊലീസുകാരെ അസഭ്യം പറയുകയും ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചു തകർക്കുകയും സൈഡ് മിറർ പൊട്ടിച്ച് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ സ്റ്റേഷനിൽ എത്തിച്ചത്. ജീപ്പിൽ നിന്നിറങ്ങുന്നതിനിടെ സ്റ്റേഷന് മുന്നിൽ വച്ചും ഇയാൾ എ.എസ്.ഐ അഭിലാഷിനെ ചവിട്ടി തള്ളി. എസ്.ഐ അനിൽകുമാറിന്റെ ഇടത് കഴുത്തിൽ ഇടിക്കുകയും സ്റ്റേഷനുള്ളിൽ കയറി ജിഡിയെയും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും കസേര എടുത്ത് അടിക്കുകയും ചെയ്തു. പൊലീസ് ജീപ്പിന് 10,000 രൂപയുടെ നഷ്ടം വരുത്തിയതിനും കൃത്യ നിർവഹണത്തിന് തടസം വരുത്തിയതിനും ജ്യാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു.