dd
ഡോ.ഹാരിസ് അവധിയിൽ

തിരുവനന്തപുരം : പാവപ്പെട്ട രോഗികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും അവർക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരിൽ സർക്കാരിന്റെ കണ്ണിലെ കരടാവുകയും ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് അവധിയിൽ പ്രവേശിച്ചു. ഒരാഴ്ചത്തേക്കാണ് അവധി. വകുപ്പ് മേധാവിയുടെ ചുമതല ഡോ.സാജുവിന് പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ കൈമാറി. ശാരീരിക പ്രശ്നങ്ങൾ കാരണമാണ് അവധിയെടുത്തതെന്നാണ് വിവരം. അവധി നീട്ടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വകുപ്പ് മേധാവി സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് ഹാരിസ് പലവട്ടം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പിന്നാലെയാണ് അവധി എടുത്തത്.

യൂറോളജിയിലെ ഉപകരണ ക്ഷാമവും ശസ്ത്രക്രിയ പ്രതിസന്ധിയും വെളിപ്പെടുത്തിയ സംഭവത്തിൽ ഡോ.ഹാരിസിന് ഡി.എം.ഇ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അവധിയ്ക്ക് ശേഷമാകും മറുപടി നൽകുക. തന്റെ ആരോപണങ്ങൾ അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം (ആർ.ടി.ഐ) വാങ്ങാൻ ഡോ.ഹാരിസ് നീക്കം തുടങ്ങി. യൂറോളജിയിലെ ഉപകരണ ഭാഗം നഷ്ടപ്പെട്ടതായി അന്വേഷണ സമിതി കണ്ടെത്തിയെന്ന് മന്ത്രി വീണാ ജോർജ് വെളിപ്പെടുത്തിയിരുന്നു. ഓപ്പറേഷൻ തീയേറ്ററിലുള്ള ഉപകരണങ്ങൾ പരിശോധിക്കാതെ സമിതി എങ്ങനെ ഇത്തരമൊരു പരാമർശം നടത്തിയെന്ന ചോദ്യം ഹാരിസ് ഉന്നയിച്ചിരുന്നു. ഉപകരണങ്ങളെല്ലാം ആശുപത്രിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെടാൻ അദ്ദേഹം തീരുമാനിച്ചത്. ഉപകരണഭാഗം കാണാതായതിൽ

ഡി.എം.ഇ തലത്തിൽ നടക്കുന്ന അന്വേഷണത്തിലും ഹാരിസിന്റെ ഭാഗം കേൾക്കും.

പ്രതിസന്ധി വെളിപ്പെടുത്തിയ ഹാരിസിന്റെ നടപടി സർവീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എം.ഇ വിശദീകരണം തേടിയിട്ടുള്ളത്.

1960ലെ സർക്കാർ സർവീസ് ചട്ടം ലംഘിച്ചതിനുള്ള മറുപടി ഡോ.ഹാരിസ് രേഖാമൂലം എഴുതി നൽകണം. ഇതിന് ഒരാഴ്ച സമയമുണ്ട്. കൂടുതൽ സമയം വേണമെങ്കിലും ആവശ്യപ്പെടാം.

വിശദീകരണം തൃപ്തികരമെങ്കിൽ കടുത്തനടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.