തിരുവനന്തപുരം: കല്ലമ്പലത്ത് 1.25 കിലോ എം.ഡി.എം.ഐ പിടികൂടിയ സംഭവത്തിൽ ഒന്നാംപ്രതി ഡോൺ സഞ്ജുവിനെതിരെ തെളിവുകൾ കണ്ടെത്താൻ പൊലീസ് വിയർക്കുന്നു.

മുഖ്യപ്രതിയായ സഞ്ജു(42),ഞെക്കാട് സ്വദേശികളായ നന്ദു (32),​ഉണ്ണിക്കണ്ണൻ (39),പ്രമീൺ (35),​പ്രസാദ് (48) എന്നിവരാണ് അറസ്റ്റിലായത്. പരസ്പര മൊഴികളെ കൂട്ടിയിണക്കിയുള്ള തെളിവുകളും ഊഹാപോഹങ്ങളുമല്ലാതെ സഞ്ജുവിലേക്ക് നേരിട്ടുള്ള തെളിവുകൾ ശേഖരിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പിടിയിലായാൽ കോടതിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന കണക്കുകൂട്ടലോടെയായിരുന്നു സഞ്ജുവിന്റെ ഓരോ നീക്കങ്ങളുമെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് കൊണ്ടുവന്നത് മറ്റൊരാളുടെ പേരിൽ,പിടികൂടിയ വാഹനം മറ്റൊരാളുടേത് - ആസൂത്രണം ഇങ്ങനെ നടത്തിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഇയാൾക്ക് സിനിമ,​ടൂറിസ്റ്റ് മേഖലയുമായുള്ള ലഹരി വ്യാപാര ബന്ധങ്ങളും ഒമാനിലെ ബന്ധങ്ങളും കണ്ടുപിടിക്കുക പൊലീസിന് എളുപ്പമല്ല. തെളിവുകൾ ശേഖരിച്ചില്ലെങ്കിൽ സഞ്ജുവിന് ജാമ്യം ലഭിച്ചേക്കാം.

ബാങ്ക് ട്രാൻസാക്ഷൻ ശേഖരണം

സഞ്ജുവിന്റെ വിദേശ യാത്ര,​ബാങ്ക് ട്രാൻസാക്ഷൻ എന്നിവ അന്വേഷണത്തിന് സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ നിന്ന് ലഹരിക്കടത്തിലേയ്ക്ക് ബന്ധിപ്പിക്കുന്ന തെളിവുകൾ പൊലീസിന് കണ്ടെത്താനായിട്ടില്ല.

വൻതോതിൽ രാസലഹരി വിമാനത്താവളം വഴി കടത്താൻ സാധിക്കാറില്ല,​ എന്നാൽ വർഷങ്ങളായി സഞ്ജു ഇത് ചെയ്യുന്നുണ്ടെന്നാണ് വിവരം. വിമാനത്താവളത്തിലടക്കം ബന്ധമുണ്ടെങ്കിലേ ഇതിന് സാധിക്കൂ. വലിയ ഈന്തപ്പഴം ബക്കറ്റ് മോഡൽ പെട്ടികളിലാണ് കടത്തുന്നത്. ഈന്തപ്പഴത്തിൽ എം.ഡി.എം.ഐ മുക്കിവയ്ക്കും. ചുറ്റും കറുപ്പുള്ളതിനാൽ അകത്ത് എം.ഡി.എം.ഐ സൂക്ഷിച്ചാൽ വിമാനത്താവളത്തിലെ സ്‌കാനറിൽ കണ്ടെത്താൻ സാധിക്കാറില്ല. സംശയം തോന്നിയാൽ പരിശോധിക്കാം. പക്ഷേ പിടിപാടുണ്ടെങ്കിൽ എളുപ്പത്തിൽ പരിശോധന പൂർത്തിയാക്കി ഇറങ്ങാനുമാകും. എന്നാലിത് തെളിയിക്കാനും പൊലീസിന് പാടുപെടേണ്ടി വരും.