തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് നിയമനത്തിനുള്ള പുതിയ റാങ്ക്പട്ടിക പുറത്തു വന്നപ്പോൾ കഴിഞ്ഞ ലിസ്റ്റിനേക്കാൾ 2929 പേരുടെ കുറവ്.
നിലവിലെ ലിസ്റ്റിൽ 20,589 പേരാണ് ഉൾപ്പെട്ടത്.മെയിൻ ലിസ്റ്റിൽ 9945 പേരും സമുദായ സംവരണ സപ്ലിമെന്ററി ലിസ്റ്റിൽ 10,202 പേരും ഭിന്നശേഷി സംവരണ സപ്ലിമെന്ററി ലിസ്റ്റിൽ 442 പേരുമാണുൾപ്പെട്ടത്. ഈ ലിസ്റ്റിനായി നേരത്തെ സാദ്ധ്യതാ പട്ടിക തയ്യാറാക്കിയപ്പോൾ 2965 പേർ കുറഞ്ഞിരുന്നു. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ 23518 പേർ ഉൾപ്പെട്ടിരുന്നു.

ജില്ലാതല റാങ്ക് ലിസ്റ്റിൽ തിരുവനന്തപുരത്തിനൊപ്പം എറണാകുളത്താണ് 2000 ലധികം ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതൽ പേരുള്ളത് തിരുവന്തപുരത്തിന്റെ ലിസ്റ്റിൽ- 2239 .ഏറ്റവും കുറച്ചു പേർ വയനാട് ജില്ലയുടെ ലിസ്റ്റിൽ- 715 . വയനാട് , കാസർകോട് ജില്ലകളിൽ മാത്രമാണ് ആയിരത്തിൽ താഴെ ഉദ്യോഗാർത്ഥികളുള്ളത്.

പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും ഇതിൽ നിന്നുള്ള നിയമന ശുപാർശ ആരംഭിക്കാൻ ഓണം കഴിഞ്ഞേക്കും. പഴയ റാങ്ക് ലിസ്റ്റ് റദ്ദായ ജൂലായ് 31 വരെ ആയിരത്തിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ദിവസം രാത്രി 11.59 വരെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ നിയമനം നൽകുന്നത് ഇതേ ലിസ്റ്റിൽ നിന്നാണ്. അതിനാൽ റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവുകളിലേക്കും റദ്ദായ റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശ അയക്കും. അവസാനം വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് നിയമന ശുപാർശ അയക്കുന്നതോടെ 12,000 ത്തിലധികം പേർക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കും.