k

കോവളം : പാപ്പാൻ ചാണിയിൽ ബൈക്ക് റേസിംഗ് ചോദ്യം ചെയ്തതിന് യുവാവിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ രണ്ട് മാസത്തിനു ശേഷം തിരുവല്ലം പൊലീസ് പിടികൂടി. പാപ്പാൻചാണി ചരുവിള പുത്തൻവീട്ടിൽ സൂരജ് (24) ആണ് പിടിയിലായത്. കഴിഞ്ഞ മേയിലാണ് സംഭവം. അയൽവാസിയായ ചരുവിള വീട്ടിൽ ബിബി (29) ന്റെ വീടിന് സമീപം ഒന്നാം പ്രതിയും രണ്ടാം പ്രതിയായ രഞ്ജിത്തും ചേർന്ന് ബൈക്ക് റേസിംഗ് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ബിബിൻ ചോദ്യം ചെയ്തിരുന്നു. തുടർന്നുള്ള വൈരാഗ്യത്തിൽ മേയ് 11 ന് രാത്രി 9.50 ഓടെ ബിബിനെ വീടിന് സമീപത്തു വച്ച് രണ്ടംഗസംഘം ചേർന്ന് മർദ്ദിക്കുകയും വാൾ കൊണ്ട് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ബിബിന്റെ വീട്ടിലെത്തി ബീയർ കുപ്പിയും തടിക്കഷണങ്ങളും കൊണ്ട് എറിഞ്ഞശേഷം പ്രതികൾ കടന്നുകളഞ്ഞു. കേസിലെ രണ്ടാം പ്രതിയെ നേരത്തെ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ ഒന്നാം പ്രതി സൂരജിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.