സ്റ്റേഡിയനിർമ്മാണം അവസാനഘട്ടത്തിലേക്ക്
കല്ലറ: കല്ലറക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം യാഥാർത്ഥ്യത്തിലേക്ക്. സ്റ്റേഡിയത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ മുക്കാലോളം പൂർത്തിയായി. ഈ വർഷം തന്നെ പ്രവർത്തനസജ്ജമാകും.
സർക്കാർ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും എം.എൽ.എയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപയ്ക്കാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
1990ലാണ് കല്ലറ പഞ്ചായത്തിലെ തണ്ണിയം ഭാഗത്ത് ഒരേക്കർ ഭാഗത്ത് സ്റ്റേഡിയം നിർമ്മിച്ചത്. പിൽക്കാലത്ത് ശരിയായവിധം പരിചരിക്കാതെയും,ആധുനിക രീതിയിലുള്ള ടർഫുകൾ വരികയും ചെയ്തതോടെ സ്‌റ്റേഡിയം ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി.അന്നുമുതലേ ആധുനിക സൗകര്യങ്ങളുള്ള ഒരു സ്റ്റേഡിയം വേണമെന്ന ആവശ്യം ശക്തമായിരുന്നു.
ആശ്രയിക്കുന്നത്
കല്ലറ,പാങ്ങോട്,കുമ്മിൾ,മുതുവിള,പരപ്പിൽ,ചെറുവാളം തുടങ്ങി നിരവധി സ്ഥലങ്ങളിലുള്ള ആയിരക്കണക്കിനു പേരാണ് ഇവിടെവന്ന് പരിശീലനം നടത്തുന്നത്.
നല്ലൊരു സ്റ്റേഡിയത്തിനായി
ലോംഗ് ജമ്പ്,ഹൈജമ്പ് തുടങ്ങിയവയ്ക്ക് മണൽചാക്കുകൾ കൂട്ടിയിട്ടാണ് പിറ്റുണ്ടാക്കിയിരുന്നത്. നല്ലൊരു സ്റ്റേഡിയം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ഫണ്ട് അനുവദിച്ച് പണി തുടങ്ങിയത്.