വിലയിടിവും ആവശ്യക്കാരും കുറഞ്ഞു

വെഞ്ഞാറമൂട്: മഴ ചതിച്ചതോടെ റംബൂട്ടാൻ കൃഷി വെള്ളത്തിലായി.വില ഇടിഞ്ഞതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.കർഷകരിൽ നിന്ന് കച്ചവടക്കാർ കിലോയ്ക്ക് 50 രൂപ മുതൽ 100 രൂപ വരെ നിരക്കിലാണ് റമ്പൂട്ടാൻ വാങ്ങുന്നത്.കഴിഞ്ഞ വർഷം 150 മുതൽ 200 രൂപ വരെയായിരുന്നു വില.

മഴ കാരണം വിപണി മോശമായി.വിളവനുസരിച്ച് ഒരു മരത്തിന് 1000 രൂപ മുതൽ 5000 രൂപ വരെയാണ് മുൻപ് കർഷകർക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ അത് പകുതിയായി കുറഞ്ഞു.
പഴുത്ത് പാകമാകുന്നതിന് മുൻപുതന്നെ മരം പാട്ടത്തിനെടുക്കും. വവ്വാലിന്റെ ശല്യമുണ്ടാകാതിരിക്കാൻ മരം വലയിട്ട് മൂടും. പാകമായ ശേഷം വിളവെടുക്കുന്നതാണ് രീതി.
വിപണിയിലെ വിലയിടിവ് റമ്പൂട്ടാൻ കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്.റബർ മുറിച്ച് റംബൂട്ടാൻ കൃഷി ചെയ്തവരുമുണ്ട്.

റമ്പൂട്ടാന്റെ വിപണി വില കിലോയ്ക്ക്

മുൻ വർഷങ്ങളിൽ : 200 - 250 രൂപ

ഇപ്പോഴത്തെ വില : 100 - 150രൂപ

കർഷകർക്ക് ലഭിക്കുന്നത് : 50 രൂപ

ചുവപ്പ് നിറത്തിലുള്ള റമ്പൂട്ടാനാണ് ആവശ്യക്കാരേറെ

മഴ ശക്തമായതോടെ ഇത്തവണ വിളവും കുറഞ്ഞു.റമ്പൂട്ടാൻ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് സാധാരണയായി റമ്പൂട്ടാൻ പൂവിടുന്നത്.മേയ് മുതൽ ജൂലായ് വരെ വിളവെടുപ്പ് നടക്കും.

വിവിധ പഞ്ചായത്തുകളിൽ തൊഴിലുറപ്പുകാർ തൈകൾ വച്ചുപിടിപ്പിച്ചതോടെ റമ്പൂട്ടാൻ മരങ്ങൾ വ്യാപകമായിട്ടുണ്ട്. ഇവ ഒരേസമയം വിളവെടുപ്പിന് പാകമായതും വിലയിടിവിന് കാരണമായി.