തിരുവനന്തപുരം: ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിലേക്കും ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിലേക്കും www.lbscentre.kerala.gov.in ൽ 20വരെ അപേക്ഷിക്കാം. രണ്ടു കോഴ്സിനും കൂടി ഒരു അപേക്ഷ മതിയാവും. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് ജി.എൻ.എം കോഴ്സിന് 400 എ.എൻ.എമ്മിനും കൂടി 600 രൂപയും എ.എൻ.എമ്മിന് മാത്രം അപേക്ഷിക്കുന്നതിന് 300 രൂപയുമാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് ജി.എൻ.എം കോഴ്സിന് 200 രൂപയും ജി.എൻ.എമ്മിനും എ.എൻ.എമ്മിനും കൂടി 300 രൂപയും എ.എൻ.എമ്മിന് മാത്രം അപേക്ഷിക്കുന്നതിന് 150 രൂപയുമാണ്.
ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിനായി ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ 40 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് വിഷയം നിർബന്ധമായും ഉൾപ്പെട്ടിരിക്കണം. ഇവരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ നിന്നും ഹയർ സെക്കൻഡറി പരീക്ഷ പാസ്സായവരെ പരിഗണിക്കും. ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിനായി കേരള ബോർഡ് ഒഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. കൂടാതെ മലയാളം വായിക്കുവാനും എഴുതുവാനും കഴിയണം. പ്രോസ്സ്പെക്ടസ്സ് www.lbscentre.kerala.gov.in ൽ. വിവരങ്ങൾക്ക്: 04712560361, 362, 363, 364.
എൻജിനിയറിംഗ് , ആർക്കിടെക്ചർ ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ
തിരുവനന്തപുരം : 2025 ലെ എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ആർക്കിടെക്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ഈ അലോട്ട്മെന്റ് സർക്കാർ സർക്കാർ കോസ്റ്റ് ഷെയറിംഗ്/സ്വയംഭരണ /സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളേജിലേക്കുള്ള പ്രവേശന പരീക്ഷാ കമ്മിഷണർ ഈവർഷം നടത്തുന്ന അവസാനഘട്ട അലോട്ട്മെന്റായിരിക്കും. ഈഘട്ടത്തിലെ അലോട്ട്മെന്റിന് പ്രവേശനത്തിന് ശേഷം ഒഴിവുള്ള എൻജിനിയറിംഗ് സീറ്റുകൾ സർക്കാർ കോളേജുകളിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും സർക്കാർ കോസ്റ്റ് ഷെയറിംഗ് സ്വയംഭരണ, സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ അതത് കോളേജുകളും സർക്കാർ ഉത്തരവുകളും പ്രോസ്പെക്ടസ് വ്യവസ്ഥകളും പാലിച്ച് സ്പോട്ട് അഡ്മിഷൻ മുഖേന നികത്തും.
മൂന്നാംഘട്ടത്തിൽ എൻജിനിയറിംഗ് കോഴ്സുകളിലേക്ക് പുതിയതായി ഓൺലൈൻ ഓപ്പപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച എൻജിനിയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in ലൂടെ 5.8.25 മുതൽ 7.8.25 വരെ വൈകിട്ട് 5 വരെ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം.
ആർക്കിടെക്ചർ കോഴ്സിലേക്ക്
ഓപ്ഷൻ കൺഫർമേഷനും പുനഃക്രമീകരണവും
ആർക്കിടെക്ചർ കോഴ്സിന് മുൻഘട്ടത്തിലെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ നേടിയവരുടെയും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവരുടെയും ഓപ്ഷനുകൾ ഈഘട്ടത്തിൽ പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടതും ഓപ്ഷനുകൾ പുനഃക്രമീകരിക്കേണ്ടതും ആവശ്യമില്ലാത്തവ റദ്ദാക്കുകയും ചെയ്യേണ്ടതാണ്. പ്രസ്തുത സൗകര്യം www.cee.kerala.gov.in ൽ 5 തീയതി മുതൽ 7 ന് വൈകിട്ട് 5വരെ ലഭ്യമാണ്. 7ന് വൈകിട്ട് 5ന് ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി താത്കാലിക അലോട്ട്മെന്റ് 8 നും അന്തിമ അലോട്ട്മെന്റ് 9 നും പ്രസിദ്ധീകരിക്കും.
ഹെൽപ്പ് ലൈൻ നമ്പർ: 0471 2332120, 2338487.
സ്പോട്ട് അഡ്മിഷൻ
ഗവ.കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ടു വർഷ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11, 12 തീയതികളിലായി നടക്കും.gci.polyadmission.org എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.വെബ്സൈറ്രിലെ ഷെഡ്യൂൾ പ്രകാരം സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.
സി.ഇ.ടിയിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ 8 ന് രാവിലെ 11 ന് എം.ടെക് സ്പോട്ട് അഡ്മിഷൻ നടത്തും.വിവരങ്ങൾക്ക്: www.cet.ac.in.
നീറ്റ് യു.ജി കൗൺസിലിംഗ് തീയതി നീട്ടി
നീറ്റ് യു.ജി അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സ് പ്രവേശനങ്ങൾക്കായി മെഡിക്കൽ കൗൺസിലിംഗി കമ്മിറ്റി (MCC) നടത്തുന്ന കൗൺസിലിംഗ് ഷെഡ്യൂൾ വീണ്ടും നീട്ടി. പുതിയ ഷെഡ്യൂൾ അനുസരിച്ച്ആദ്യ റൗണ്ട് രജിസ്ട്രേഷൻ ഇന്ന് ഉച്ചയ്ക്ക് 3 വരെ നടത്താം.വൈകിട്ട് 6 വരെ പേയ്മെന്റ് അടയ്ക്കാനും 7 ന് രാവിലെ 8 വരെ ചോയ്സ് ഫില്ലിംഗിനും സൗകര്യമുണ്ട്. ഇന്ന് വൈകിട്ട് 8 മുതൽ നാളെ രാവിലെ 8 വരെ ആദ്യ റൗണ്ടിന്റെ ചോയ്സ് ലോക്കിംഗ് നടത്താം. 9 ന് ആദ്യ റൗണ്ട് ഫലം പ്രസിദ്ധീകരിക്കും. 9 മുതൽ 18 വരെ ബന്ധപ്പെട്ട കോളേജിലെത്തി പ്രവേശനം നേടണം.
ഹോട്ടൽ മാനേജ്മെന്റ് പ്രവേശനം
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഏഴിനകം നിർദ്ദിഷ്ട ടോക്കൺ ഫീസൊടുക്കി തുടർന്ന് രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം നടത്താം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ പ്രവേശനം നേടേണ്ടതില്ല.ഫോൺ: 0471-2324396, 2560361, 2560327.