മലയിൻകീഴ്: കരിങ്കൽക്കെട്ട് തകർന്ന് ടോറസ് ലോറി ഇരട്ടക്കലുങ്ക് മാമ്പഴച്ചിറ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ വെള്ളറട ആലുംകുഴി തലനിരപുത്തൻ വീട്ടിൽ ഷിജോ (30) അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം.
സമീപത്തെ ഹോളോബ്രിക്‌സ് കമ്പനിയിലേക്ക് കൊല്ലം കടയ്ക്കലിൽ നിന്നുള്ള മെറ്റലുമായെത്തിയപ്പോഴാണ് അപകടമുണ്ടായത്. 15 അടി താഴ്ചയിലേക്ക് മറിഞ്ഞപ്പോൾ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിയിരുന്നു അതിലൂടെയാണ് ഷിജോ രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് സമീപവാസികൾ സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പ് ഷിജോ കരയിലെത്തിയിരുന്നു.
കുളത്തിനരികിലായി പഞ്ചായത്ത് 9 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഹാപ്പിനസ് പാർക്കിന്റെ ഉദ്ഘാടനം ജൂലായ് 29നാണ് കഴിഞ്ഞത്. പാർക്ക് നിർമ്മിച്ചപ്പോൾ കരിങ്കൽ കെട്ടിനോടുചേർന്ന് കോൺക്രീറ്റ് ചെയ്‌തിരുന്നു. ഈ കെട്ട് തകർന്നാണ് അപകടമുണ്ടായത്.
എതിർപ്പുമായി പഞ്ചായത്ത്
------------------------------------------
പഞ്ചായത്ത് റോഡിലൂടെ 10 ടൺ ഭാരവുമായി വാഹനങ്ങൾ കടന്നുപോകണമെങ്കിൽ റോഡിന് 8 മീറ്റർ വീതിയുണ്ടാകണം. എന്നാൽ 4.8 മീറ്റർ വീതി മാത്രമുള്ള റോഡിലൂടെയാണ് 33 ടൺ ഭാരമുള്ള ടോറസ് വന്നത്. ഇത്തരം വാഹനങ്ങൾ വരുന്നതിനെതിരെ പഞ്ചായത്ത് അധികൃതർ നേരത്തെ ഹോളോബ്രിക്‌സ് കമ്പനിക്ക് കത്തു നൽകിയിരുന്നു. വാഹന ഉടമയോ ഹോളോബ്രിക്സ് ഉടമയോ ഹാപ്പിനസ് പാർക്കിനുണ്ടായ കേടുപാട് പരിഹരിക്കണമെന്നും കരിങ്കൽക്കെട്ട് പുനർനിർമ്മിക്കണമെന്നും ഇവർ വ്യക്തമാക്കി. പഞ്ചായത്തുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷമേ കുളത്തിൽ നിന്ന് ലോറി മാറ്റുന്നതിനുള്ള ശ്രമം ഉണ്ടാവുകയുള്ളൂവെന്നാണ് വിവരം.
'' പഞ്ചായത്ത് റോഡിലൂടെ അമിതഭാരമുള്ള വാഹനങ്ങൾ കടന്നുപോകാൻ
പാടില്ലെന്ന് സർക്കാർ ഉത്തരവുമുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ടോറസെത്തിയത്.
എസ്.സുരേഷ്ബാബു
വൈസ് പ്രസിഡന്റ്
മലയിൻകീഴ് പഞ്ചായത്ത്