തിരുവനന്തപുരം: ഓണത്തിന് ഒരുമാസം ശേഷിക്കെ ഉത്സവം കളറാക്കാൻ നാടും നഗരവും

ഒരുങ്ങി.വിദേശത്ത് ജോലി ചെയ്യുന്നവരും അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഓണം പ്രമാണിച്ച് നാട്ടിലേക്കെത്തിത്തുടങ്ങിയതോടെ നഗരത്തിലെ പ്രധാന ഹോട്ടലുകൾ സദ്യയ്ക്കുള്ള മെനു പുറത്തിറക്കി. പാചകം വീട്ടിൽത്തന്നെ വേണമെന്ന നിർബന്ധബുദ്ധി മലയാളികൾ ഒഴിവാക്കിയതോടെ ഹോട്ടലുകളിലെ അഡ്വാൻസ്ഡ് ബുക്കിംഗ് മുൻവർഷങ്ങളിലെക്കാൾ വർദ്ധിച്ചു. തൂശനിലയിൽ തുമ്പപ്പൂ നിറമുള്ള ചോറ്,പച്ചടി,കിച്ചടി,കാളൻ...ഉൾപ്പെടെ വിഭവസമൃദ്ധമായ മെനുവാണ് ഹോട്ടലുകൾ മുന്നോട്ടുവയ്ക്കുന്നത്.കെ.ടി.ഡി.സിയുടെ മാസ്കോട്ട് ഹോട്ടലിൽ ഒരു ഇലയ്ക്ക് 1150 രൂപയാണ് വില. പാഴ്സലിന് 1499 രൂപയും. 50 പേരുടെ സംഘത്തിന് എല്ലാ സൗകര്യങ്ങളുമുള്ള ഹാൾ വിട്ടുനൽകും. അവിടെയും ഒരാൾക്ക് 1150 രൂപയാണ് വില.രാജധാനിയുടെ പല്ലവ, ഇന്ദ്രപുരി, ചോള ഹോട്ടലുകളിലും ബുക്കിംഗ് ആരംഭിച്ചു. ഒരാൾക്ക് ഡൈൻ ഇന്നിന് 450 രൂപയാണ് സദ്യയ്ക്കുള്ള ചാർജ്.പാഴ്സലിന് 475 രൂപ. അഞ്ചുപേർക്കുള്ള കിറ്റിന് 2600 രൂപ വരെയാകും. ഏഴുദിവസംവരെ സദ്യ നൽകുന്നുണ്ട്. മതേഴ്സ് വെജ് പ്ലാസയിലും ആര്യാസ് ഹോട്ടലിലുമൊക്കെ ഓണം അടുക്കുമ്പോഴാണ് പ്രീ-ബുക്കിംഗ് തുടങ്ങുന്നത്. മതേഴ്സ് വെജ് പ്ലാസയിൽ ഒരു ഇലയ്ക്ക് 263 രൂപ മുതലാണ് വില. വാട്ട്സാപ്പ് വഴിയും ഫോൺ വിളിച്ചും നേരിട്ടെത്തിയും ബുക്ക് ചെയ്യാം.സ്വിഗ്ഗി, സൊമാറ്റോ വഴിയും സദ്യയെത്തിക്കും. വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്ക് ജാറുകളിലാണ് സദ്യ പായ്ക്ക് ചെയ്യുന്നത്. ഉച്ചയ്ക്ക് 12.30നുള്ളിൽ സദ്യ വീട്ടിലെത്തും.

ഫ്ലാറ്റുകാർ മാത്രമല്ല...

ഫ്ലാറ്റുകളിലെ താമസക്കാരാണ് കൂടുതലായും ഹോട്ടൽ സദ്യക്ക് ഓർഡർ നൽകുന്നതെങ്കിലും അല്ലാതെയുള്ള ഓർഡറുകളും വർദ്ധിച്ചതായി ഹോട്ടൽ ഉടമകൾ കേരളകൗമുദിയോട് പറഞ്ഞു. മക്കൾ വിദേശത്തുള്ളവർ ഹോട്ടൽ സദ്യയെയാണ് ആശ്രയിക്കുന്നത്. ഹോട്ടലുകൾക്ക് പുറമേ, ക്യാറ്ററിംഗ് സംഘങ്ങളും സദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ബോളി ഉൾപ്പെടെ ഒരു പായസമടങ്ങുന്ന സദ്യക്ക് 200 രൂപ, രണ്ട് പായസമെങ്കിൽ 250 രൂപ. മൂന്ന് പായസത്തിന് 280 രൂപ എന്നിങ്ങനെയാണ് ശരാശരി റേറ്റ്. അച്ചാറും പപ്പടവും നെയ്യും ഉൾപ്പെടെ 26 ഇനങ്ങൾ ഇലയിലുണ്ടാവും. അധിക തുക നൽകിയാൽ വിളമ്പാനും വൃത്തിയാക്കാനും ആളുകളെ നൽകും.

മാസ്കോട്ട് ഹോട്ടലിൽ -ഇലയ്ക്ക്-1150 രൂപ, പാഴ്സൽ 1499 രൂപ

രാജധാനി-ഇലയ്ക്ക്-450 രൂപ, പാഴ്സൽ 475 രൂപ

ക്യാറ്ററിംഗ്-ഇലയ്ക്ക് 200-250 രൂപ വരെ