തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ രാജ്ഭവനിൽ നടത്തുന്ന അറ്റ് ഹോം സൽക്കാരത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം. വൈകിട്ട് 6.30ന് നടക്കുന്ന ചായ സൽക്കാരത്തിൽ 800 പേർ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് അതിഥികളെ ക്ഷണിച്ചത്. എം.പിമാർ, എം.എൽ.എമാർ, സിവിൽസർവീസ്, പ്രതിരോധ സേനകളിലെ ഉദ്യോഗസ്ഥർ, സ്വാതന്ത്ര്യസമര സേനാനികൾ, ഭിന്നശേഷി കുട്ടികൾ എന്നിവരെയെല്ലാം ക്ഷണിച്ചു. സൽക്കാരത്തിനായി രാജ്ഭവൻ മുറ്റത്ത് പന്തലിടും. ഇതിനായി സർക്കാർ 15ലക്ഷം അനുവദിച്ചിട്ടുണ്ട്. സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് ഗവർണറെയും മുഖ്യാതിഥിയായി സർക്കാർ ക്ഷണിക്കും. സർക്കാരുമായി ഉടക്കിലായിരുന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഓണാഘോഷത്തിന് ക്ഷണിച്ചിരുന്നില്ല.