k

ഫയൽ ഡയറക്ടറുടെ മുന്നിൽ

എത്തിയിട്ടും നടപടിയില്ല

തിരുവനന്തപുരം : കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതി പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവിന് യാതൊരു വിലയും കല്പിക്കാതെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി. നാലുവർഷമായി പദ്ധതി മുടങ്ങികിടക്കുകയാണ്. ഉടൻ പുനരാരംഭിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ജൂൺ 26ന് കമ്മിഷൻ ഉത്തരവിട്ടിരുന്നു. 40 ദിവസം കഴിഞ്ഞിട്ടും ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരി ഫയലിൽ തീരുമാനമെടുത്തിട്ടില്ല.

സംസ്ഥാന സർക്കാർ നൽകാനുള്ള വിഹിതം മുടങ്ങിയതോടെയാണ് പദ്ധതി പാളിയതെന്നാണ് ശ്രീചിത്രയുടെ നിലപാട്. ചികിത്സ നൽകിയതിന്റെ കൃത്യമായ രേഖകൾ ശ്രീചിത്ര അധികൃതർ കൈമാറിയില്ലെന്ന് സർക്കാരിനുവേണ്ടി പദ്ധതിയുടെ ഏകോപനചുമതല വഹിക്കുന്ന നാഷണൽ ഹെൽത്ത് മിഷനും പറയുന്നു.

39 ലക്ഷം രൂപയാണ് ശ്രീചിത്ര ആവശ്യപ്പെട്ടത്. കൃത്യമായ രേഖകൾ ലഭ്യമാക്കിയതുപ്രകാരം 32 ലക്ഷം രൂപ നൽകിയെന്ന് എൻ.എച്ച്.എം പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന പദ്ധതിയിൽ കുടിശികയുണ്ടായാലും കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രയുടെ നിലപാടിൽ ദുരിതത്തിലാവുന്നത് പാവപ്പെട്ട കുഞ്ഞുങ്ങളാണ് .

നവജാതശിശു മുതൽ

കൗമാരക്കാർ വരെ

നവജാത ശിശു മുതൽ 18 വയസുവരെയുള്ളവർക്കായി ആവിഷ്കരിച്ച പദ്ധതിയാണ് ഹൃദ്യം.

60:40എന്ന അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും ചെലവ് വഹിക്കുന്നു.

ചികിത്സയ്ക്ക് പരിധിയില്ലാത്ത സഹായം ലഭിക്കും.

പ്രതിവർഷം 600കുഞ്ഞുങ്ങളാണ് ഹൃദ്രോഗവുമായി ശ്രീചിത്രയിൽ ചികിത്സ തേടുന്നത്.

പ്രശ്നം ശ്രീചിത്രയ്ക്ക് മാത്രം

ശിശുമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആവിഷ്കരിച്ച 'രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം ' പദ്ധതിയുടെ ഭാഗമായാണ് കേരളത്തിൽ 'ഹൃദ്യം' ആരംഭിച്ചത്.

സർക്കാർ മേഖലയിൽ കോട്ടയം,കോഴിക്കോട് ഗവ.മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം എസ്.എ.ടി,ശ്രീചിത്ര എന്നിവയിലും മാത്രമാണ് ഹൃദ്യം നടപ്പാക്കിയത്. കൊച്ചി അമൃത,ആസ്റ്റർ മെഡിസിറ്റി, ലിസി ഹോസ്‌പിറ്റൽ,ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്,ആസ്റ്റർ മിംസ് എന്നീ സ്വകാര്യ ആശുപത്രികളും ഹൃദ്യത്തിന്റെ ഭാഗമാണ്. ഇവിടെയെല്ലാം സുഗമമായി പദ്ധതി നടക്കുമ്പോൾ ശ്രീചിത്രയ്ക്ക് മാത്രമാണ് പ്രശ്നം.