നെടുമങ്ങാട്: മാദ്ധ്യമ പ്രവർത്തകനും മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ആനാട് ഉമ്മാത്ത് കൃഷ്ണവിലാസത്തിൽ ആനാട് ശശിയെ (കെ.ശശിധരൻ നായർ,77) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും.
വെള്ളയമ്പലം കനകനഗറിൽ ഭാര്യയ്‌ക്കും മകൾക്കുമൊപ്പം താമസിച്ചിരുന്ന വീടിന് സമീപത്തെ ഹെഡ് സർവേയർ ഓഫീസിനു മുൻവശത്തെ ഷെഡിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് ലഭിക്കാനുള്ള നിക്ഷേപത്തുക തിരികെ കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
2021ൽ 1.67 കോടി രൂപ സംഘത്തിൽ സ്ഥിരനിക്ഷേപമായിട്ടു. ഇതിനുപുറമെ ശശിയുടെ ഉറപ്പിൽ വ്യവസായികളും സർക്കാർ ഉദ്യോഗസ്ഥരുമടക്കം നിരവധിപേർ സംഘത്തിൽ പണം നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തുക മടക്കിക്കിട്ടാതെ വന്നതോടെ ശശി സമ്മർദ്ദത്തിലായി. പണം ആവശ്യപ്പെട്ട് ആനാട് ശശിയും മറ്റ് നിക്ഷേപകരും നിരന്തരം സംഘത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടാഴ്ച മുമ്പ് 25,000 രൂപ മാത്രമാണ് നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നാലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായ ശശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മടങ്ങിയെത്തിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. തൂങ്ങിമരണത്തിന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
24.74 കോടിയുടെ തട്ടിപ്പെന്ന്
ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ
ഇടപാടുകാർ സഹകരണസംഘം രജിസ്ട്രാർക്ക് നൽകിയ പരാതിയിലുള്ള അന്വേഷണത്തിൽ 24.74 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാകുന്നതിനിടെ അന്നത്തെ സംഘം പ്രസിഡന്റിനെ കഴിഞ്ഞ നവംബറിൽ അമ്പൂരി തേക്കുപാറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 500ഓളം നിക്ഷേപകർക്ക് 39 കോടിയോളം രൂപ തിരിച്ചു നൽകാനുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സംഘം മുൻ സെക്രട്ടറിയേയും രണ്ടു ജീവനക്കാരെയും അറസ്റ്റുചെയ്‌തിരുന്നു.
വായ്‌പ ഇനത്തിൽ കുടിശിക വരുത്തിയവരിൽ നിന്ന് തുക ഈടാക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും ഇടപാടുകാർക്ക് നിക്ഷേപത്തുക മടക്കി നൽകാൻ സഹകരണ വകുപ്പ് മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്നും നിലവിലെ സംഘം ഭാരവാഹികൾ അറിയിച്ചു.