photo

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ബാക്ക് ബെഞ്ചേഴ്സ് സംവിധാനം ഇല്ലാതാക്കാനുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശം ചർച്ചയാവുമ്പോൾ ആശയം മുമ്പേ നടപ്പാക്കിയതിന്റെ അഭിമാനത്തിലാണ് തൈക്കാട് മോഡൽ എൽ.പി സ്‌കൂൾ. കൊവിഡിനു ശേഷം സ്‌കൂൾ തുറന്നപ്പോൾ കുട്ടികൾക്ക് കൂടുതൽ വ്യക്തിഗത പരിഗണന നൽകേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ഈ രീതി അവലംബിച്ചതെന്ന് അദ്ധ്യാപിക സുനിത ജി.എസ് പറഞ്ഞു.

ഇവിടെ എല്ലാ ക്ളാസിലും 'യു' ആകൃതിയിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ബാക്ക് ബെഞ്ചേഴ്സ് എന്ന രീതി മാറ്റി കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ക്ലാസ് ഒരുക്കാനായി. പുതിയ സംവിധാനം വന്നതോടെ കുട്ടികളും ഹാപ്പി.​ ക്ലാസിൽ ആദ്യമെത്തണമെന്നോ മുന്നിലിരിക്കണമെന്നോ, എന്നുള്ള മത്സരമൊന്നും അവർക്കില്ല. എല്ലാവരും തുല്യരെന്ന ആശയം കുട്ടികൾക്ക് നൽകുകയെന്ന ലക്ഷ്യവും ക്ലാസ് റൂം സജ്ജീകരണത്തിനു പിന്നിലുണ്ടെന്ന് അദ്ധ്യാപിക പറഞ്ഞു.

ക്ളാസുകളിൽ കുട്ടികൾക്ക് സ്ഥിരം സീറ്റ് സംവിധാനവുമില്ല. ക്ളാസിലെത്തുന്ന മുറയ്ക്ക് ഓരോ കുട്ടിക്കും തങ്ങൾക്ക് ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം. ഇങ്ങനെ ഇരിക്കാൻ ഇഷ്ടമാണോ എന്ന ചോദ്യത്തിന് ഇതല്ലേ നല്ലതെന്നായിരുന്നു കുരുന്നുകളുടെ പ്രതികരണം. ചെറിയ ക്ലാസുകളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാനും കുട്ടികൾ തമ്മിൽ മുഖാമുഖം കാണാനും ആശയവിനിമയം ഫലപ്രദമാക്കാനും ഈ രീതി അനുയോജ്യമാണെന്നും സുനിത ടീച്ചർ വ്യക്തമാക്കി.