p

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ വൈസ്‌ ചാൻസലർ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുമ്പോൾ, സസ്പെൻഷനിലുള്ള രജിസ്ട്രാർ നൽകിയ മറുപടി സത്യവാങ്മൂലം പരിഗണിക്കരുതെന്ന് സർവകലാശാല ആവശ്യപ്പെടും. സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ തന്റെ സസ്പെൻഷനെതിരായി ഹൈക്കോടതിയിൽ നൽകിയ കേസിലാണ് അദ്ദേഹത്തിന്റെ തന്നെ സത്യവാങ്മൂലം മറുപടിയായി സ്റ്രാൻഡിംഗ് കൗൺസൽ തോമസ് എബ്രഹാം ഫയൽ ചെയ്തത്.

ഏഴ് പേജ് മറുപടിയും രേഖകളുമടക്കം നൂറോളം പേജുകളുള്ള സത്യവാങ്മൂലം രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനി ഡിജോ കാപ്പൻ തയ്യാറാക്കി സ്റ്രാൻഡിംഗ് കൗൺസലിന്

കൈമാറിയിരുന്നു. എന്നാൽ , സസ്പെൻഷനിലുള്ള രജിസ്ട്രാറുടെ മറുപടിയാണ് കോടതിയിൽ ഫയൽ ചെയ്തതത്. ഈ ക്രമക്കേട് കോടതിയെ അറിയിക്കുമെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു. ഗവർണറെ അപമാനിച്ചതിനാണ് സസ്പെൻഷനെന്നും അത് തുടരണമെന്നുമാണ് ഡോ.മിനി കാപ്പന്റെ സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. എന്നാൽ സസ്പെൻഷൻ ശരിയല്ലെന്നാണ് ഡോ.അനിൽകുമാറിന്റെ വാദം.

ബി.ജെ.പി അംഗങ്ങൾ

കക്ഷിചേരും

സസ്പെൻഷനെതിരായ രജിസ്ട്രാറുടെ കേസിൽ സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ കക്ഷിചേരും. വി.സിയുടെ ചുമതലയുണ്ടായിരുന്ന ഡോ.സിസാതോമസ് സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട ശേഷം ചേർന്ന യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ പങ്കെടുത്തെന്നും ,ഇവർ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനത്തെ എതിർത്തെന്നുമാണ് കോടതിയിലെത്തിയ രേഖകളിലുള്ളത്. ഇത് കളവാണെന്ന് സത്യവാങ്മൂലം നൽകും. ബിജെപി അംഗങ്ങൾ സമാന്തര യോഗത്തിൽ പങ്കെടുത്തിരുന്നില്ല.