തിരുവനന്തപുരം: കാട്ടിൽ മാലിന്യം തള്ളാനെത്തിയെന്ന പേരിൽ പന്നി ഫാം ഉടമകൾക്കെതിരെ കേസെടുത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വനം വിജിലൻസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം റേഞ്ച് ഫ്ലൈയിംഗ് സ്‌ക്വാഡാണ് അന്വേഷിക്കുന്നത്. പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസറെടുത്ത കേസിൽ ഫാം ഉടമകളെ അറസ്റ്റുചെയ്യാൻ നീക്കമുണ്ടായിരുന്നെങ്കിലും കോടതി ഇടപെട്ട് തടഞ്ഞിട്ടുണ്ട്. കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫാം ഉടമകളുടെ പരാതിയിലാണ് ഫോറസ്റ്റ് വിജിലൻസ് ഡി.എഫ്.ഒ ശ്രീരേഖ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പാലോട് റേഞ്ച് ഓഫീസിലെത്തി വിജിലൻസ് സംഘം പരിശോധന നടത്തി.
പാലോട് വനാതിർത്തിയിലുള്ള ഫാമിലേക്ക് ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ എത്തിച്ചതിൽ ഉടമകൾക്കെതിരേ ജൂലായ് 14ന് കേസെടുക്കുകയും കണ്ടെയ്‌നർ ലോറി പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ ഫാമിലേക്കുള്ളതാണെന്നും അത് കൊണ്ടുവരുന്നതിനും ഫാം പ്രവർത്തിപ്പിക്കുന്നതിനും ഹൈക്കോടതി സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയെങ്കിലും കേസെടുക്കുകയായിരുന്നെന്ന് ഉടമകൾ പറഞ്ഞു. മാലിന്യം വനത്തിൽ തള്ളാനായിരുന്നെങ്കിൽ അത് സ്‌പോട്ട് മാർക്ക് ചെയ്‌താണ് കേസെടുക്കേണ്ടിയിരുന്നത്.
ഭക്ഷണ മാലിന്യങ്ങൾ തൊണ്ടിയായി പിടിച്ചെടുക്കുകയാണെങ്കിൽ കോടതിയുടെ അനുമതിയോടെ വലിയ കുഴിയുണ്ടാക്കി സ്ഥലം, ജി.പി.എസ് റീഡിംഗ് എന്നിവ അടക്കമുള്ള വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയാണ് നശിപ്പിക്കേണ്ടത്. എന്നാൽ ഈ കേസിൽ പിടിച്ചെടുത്ത വാഹനത്തിൽ തന്നെ ഭക്ഷണാവശിഷ്ടങ്ങൾ ഫോറസ്റ്റ് അധികൃതർ ഫാമിലെത്തിക്കുകയായിരുന്നു. ഇക്കാര്യം ഫാമിലെ സി.സി ടിവിയിലുണ്ടെന്നും ഉടമകൾ ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ ഭക്ഷണാവശിഷ്ടങ്ങൾ ഫാമിലെത്തിച്ചു നൽകിയ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.