തിരുവനന്തപുരം : തീരദേശ സുരക്ഷയിൽ മത്സ്യത്തൊഴിലാളികളുടെ പങ്കിനെക്കുറിച്ച് നടത്തിയ പഠനത്തിന് കേരള പൊലീസിലെ ഇൻസ്‌പെക്ടർക്ക് കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്.
വിജിലൻസിൽ തിരുവനന്തപുരം സ്‌പെഷ്യൽ സെല്ലിലെ സജികുമാർ.ബിയാണ് ജോലിക്കൊപ്പം പാർട്ട്ടൈമായി പി എച്ച്.ഡി പൂർത്തിയാക്കിയത്. കേന്ദ്ര സർവ്വകലാശാലയിലെ സ്‌കൂൾ ഒഫ് സോഷ്യൽ സയൻസിന്റെ ഡീൻ പ്രൊഫസർ എം.ആർ.ബിജുവിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
26 വർഷത്തെ സർവീസിനിടെ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പൊലീസ് മെഡലുകൾ സജികുമാറിന് ലഭിച്ചിട്ടുണ്ട്. കുറ്റാന്വേഷണ രംഗത്തെ മികവിന് ഉൾപ്പെടെ മൂന്ന് ബാഡ്‌ജ് ഒഫ് ഓണറുകളും മികച്ചസേവനത്തിനുള്ള നിരവധി അവാർഡുകളും നേടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റാണ്. സർവീസിലിരിക്കെ എം.എയും സൈബർ നിയമത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
വെള്ളനാട് സ്വദേശിയാണ്. ഭാര്യ രജിത.ആർ.എസ്. മക്കൾ: ദേവിക.ആർ.എസ്,നന്ദന.ആർ.എസ്.