photo

നെടുമങ്ങാട്: മരക്കൊമ്പ് പതിച്ച് റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈൻകമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചതിന് പിന്നാലെ ചുള്ളിമാനൂർ,പനവൂർ പ്രദേശങ്ങളിൽ അപകടസാദ്ധ്യതയുള്ള മരങ്ങൾ മുറിച്ചുനീക്കൽ തുടങ്ങി.മന്ത്രി ജി.ആർ.അനിലിന്റെ നിർദ്ദേശപ്രകാരം അപകടസ്ഥലവും പരിസര പ്രദേശങ്ങളും സന്ദർശിച്ച നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ.കെ.പിയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് നടപടികൾ.

ആർ.ഡി.ഒയുടെ നേരിട്ടുള്ള പരിശോധനയിൽ പനവൂർ ഗ്രാമപഞ്ചായത്തിൽ മിക്കറോഡുകളിലും ഇത്തരത്തിൽ മരങ്ങൾ വൈദ്യുതി കമ്പികൾക്ക് മുകളിലൂടെയാണ് കിടക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പനവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ ഉത്തരവിൽ 15 ദിവസത്തിനുള്ളിൽ അപായമരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റി പൊതുനിരത്തുകൾ അപകടരഹിതമാക്കണമെന്നായിരുന്നു ആർ.ഡി.ഒയുടെ നിർദ്ദേശം.

ആട്ടുകാൽ,കൊങ്ങണംകോട്, പനവൂർ ജംഗ്‌ഷൻ, കോതകുളങ്ങര, കുഴിനട തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ മരങ്ങൾ മുറിച്ചുമാറ്റിയത്.ഈ മേഖലയിൽ വൈദ്യുതി ലൈനിനും റോഡിനുമീതേക്ക് മരങ്ങൾ ചാഞ്ഞ് അപായഭീതി നിലനിൽക്കുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.