വർക്കല: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ വൃദ്ധൻ മരിച്ചു. വർക്കല ജവഹർ പാർക്കിന് സമീപം അരുളകത്ത് വീട്ടിൽ സി.വിജയൻ (79,റിട്ട.റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനിയർ) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.45 ഓടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ നിന്ന് മൈതാനം ഭാഗത്തേക്ക് വന്ന കാപ്പിൽ-മടത്തറ റൂട്ടിലോടുന്ന ആലിയ എന്ന സ്വകാര്യ ബസ് ജംഗ്ഷനിൽ ഡിവൈഡറിന്റെ ഭാഗത്തെത്തിയപ്പോൾ അതേ ദിശയിൽ സഞ്ചരിച്ച വിജയന്റെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ വിജയന്റെ ദേഹത്ത് ബസിന്റെ പിൻഭാഗത്തെ ടയർ കയറുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിജയനെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: ഗീത. മക്കൾ: സൂരജ് (ജർമ്മനി),രാജശ്രീ (ആരോഗ്യ വകുപ്പ്). മരുമകൻ: സുഭാഷ്.
സംസ്കാരം: വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.