തിരുവനന്തപുരം:സംസ്ഥാനത്തെ ജി.എസ്.ടി.സംവിധാനം പുന:സംഘടിപ്പിക്കാനും നികുതി ചോർച്ച തടയാൻ ഡിജിറ്റൽ,ഡാറ്റാ സംവിധാനം നടപ്പാക്കാനും നേതൃത്വം നൽകിയ ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ എസ്.എബ്രഹാം റെൻ കാലാവധി പൂർത്തിയാക്കി ഡൽഹിക്ക് മടങ്ങി.
കേന്ദ്ര സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ 2019ലാണ് അദ്ദേഹം ജി.എസ്.ടി വകുപ്പിലെത്തിയത്.ചരക്കുസേവന നികുതി സംവിധാനത്തെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ടാക്സ് പ്രാക്ടീഷണർമാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു.ലോട്ടറി ഡയറക്ടറായും പ്രവർത്തിച്ചു.
സംസ്ഥാനത്തെ നികുതി മുടക്കുകൾ, ഡിജിറ്റൽ ഓഡിറ്റ് പ്രവർത്തനങ്ങളുടെ അപാകത, രജിസ്‌ട്രേഷൻ ദുരുപയോഗം, സ്‌ക്രൂട്ടിനി വൈകൽ തുടങ്ങിയ മേഖലകളെല്ലാം കാര്യക്ഷമാക്കി.നികുതി സംവിധാനം പൂർണ്ണമായും ഓൺലൈനാക്കി. വ്യാപാരികളെ റെയ്ഡ് നടത്തി ബുദ്ധിമുട്ടിക്കാതെ നികുതി ചോർച്ചയും വെട്ടിപ്പും കണ്ടെത്താൻ ഡാറ്റാ സംവിധാനം പ്രയോജനപ്പെടുത്തി. നികുതി പിരിക്കലിനെതിരെ തെരുവിലിറങ്ങുന്ന രീതി ഇല്ലാതായി.സംസ്ഥാനത്തെ നികുതി വരവ് സർവ്വകാല റെക്കോഡിലെത്തിയതിന്
പിന്നിലും റെനിന്റെ അദ്ധ്വാനമുണ്ടായിരുന്നു.