sandesh

പരവൂർ: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിക്കുകയും കാർ കത്തിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. പൂതക്കുളം മിനി സ്റ്റേഡിയത്തിന് സമീപം ലത മന്ദിരത്തിൽ തിരുവനന്തപുരം കാച്ചാണി ജോസഫ് ലൈൻ 34ൽ ശ്രീരുദ്ര‌യിൽ സന്ദേശ്.എസ്.നായരെയാണ് (28,ശംഭു) പരവൂ‌ർ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: കല്ലമ്പലം സ്വദേശികളായ ആദർശും സന്ദേശും സുഹൃത്തുക്കളാണ്. ആദർശ് തന്റെ മറ്റൊരു സുഹൃത്തായ ജയകണ്ണനൊപ്പം സന്ദേശിനെ കാണാനായി പൂതക്കുളത്തെത്തി. ആദർശും സന്ദേശും പ്രതികളായിട്ടുള്ള ഒരു കഞ്ചാവ് കേസ് കൊല്ലം വെസ്റ്റ് പൊലീസിൽ നിലവിലുണ്ട്. മദ്യപാനത്തിനിടെ ഇതേക്കുറിച്ച് സംസാരിച്ചത് വാക്കുതർക്കത്തിലായി. ജയകണ്ണൻ ഇരുവരെയും പിന്തിരിപ്പിച്ച് ആദർശിനെയും കൂട്ടി തിരികെ പോകാൻ ശ്രമിച്ചെങ്കിലും മറ്റൊരു യുവാവുമായി പിന്നാലെയെത്തിയ സന്ദേശ് ജയകണ്ണനെ ആക്രമിക്കുകയും കാറിന്റെ ഗ്ലാസ് തകർത്ത ശേഷം തീയിടുകയുമായിരുന്നു.

ഒളിവിൽ പോയ പ്രതിയെ പോളച്ചിറയിലെ പൊന്തക്കാട്ടിൽ നിന്ന് സാഹസികമായാണ് പിടികൂടിയത്. സന്ദേശിന്റെ ഫോൺ ഓണായപ്പോൾ ലഭിച്ച ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.