d

തിരുവനന്തപുരം : ഉപകരണ ക്ഷാമം കാരണം ശസ്ത്രക്രിയ മുടങ്ങിയെന്ന തിരുവനന്തപുരം മെഡി.കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ ശരിവച്ച് വിവരാവകാശ രേഖ. ഉപകരണം ഇല്ലാത്തിനെ തുടർന്ന് നാല് ശസ്ത്രക്രിയകൾ മുടങ്ങിയെന്ന് മെഡിക്കൽ കോളേജിൽ നിന്നു നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. ഒരു ശസ്ത്രക്രിയയും മുടങ്ങിയിട്ടില്ലെന്നായിരുന്നു ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രി അധികൃതരുടെ വാദം. ഇത് അപ്പാടെ പൊളിയുന്നതാണ് വിവരാവകാശ മറുപടി.

പത്തനംതിട്ട സ്വദേശി റഷീദ്.സി നൽകിയ വിവരാവകാശ അപേക്ഷയ്ക്കാണ് ആശുപത്രി അധികൃതർ മറുപടി നൽകിയത്. ഡോ.ഹാരിസിന്റെ അപേക്ഷ ജില്ലാ കളക്ടർക്കാണ് കൈമാറിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മറുപടിയിലുണ്ട്. അതേസമയം കളക്ടറേറ്റിൽ കാലതാമസമുണ്ടായെന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തിൽ ഡി.എം.ഇ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെ ഡോ.ഹാരിസ് അവധിയിലാണ്. ഇന്നോ നാളെയോ മടങ്ങിയെത്തുമെന്നാണ് ആശുപത്രി അധികൃതർ പ്രതീക്ഷിക്കുന്നത്.