krishi

വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ ജനവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ആദിവാസിമേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. കാട്ടുപോത്തും, പന്നിയും മേഖലയിൽ നാശം വിതയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ആനപ്പാറ വാളേങ്കി സരസ്വതിഭവനിൽ വിമുക്തഭടൻ സുരേഷ്കുമാറിന്റെ വിളയിലിറങ്ങിയ ഒറ്റയാൻ ആന കൃഷികൾ മുഴുവൻ നശിപ്പിച്ചു. നേരത്തേ വാളേങ്കി രവിയുടെയും, മോഹനന്റെയും വിളയിലെ കൃഷികൾ മുഴുവൻ കൂട്ടാമായെത്തിയ കാട്ടാനകൾ നശിപ്പിച്ചിരുന്നു. സുരേഷിന്റെ വിളയിലെ മുപ്പത് മൂട് തെങ്ങും, മരച്ചീനിക്കൃഷിയും, വാഴയും നശിപ്പിച്ചു. കനത്തനഷ്ടമുണ്ട്. നേരം പുലരുവോളം മേഖലയിൽ കാട്ടാനയുണ്ടായിരുന്നു.

ആനപ്പാറ മണലി മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ട് മാസങ്ങളേറയായി. ആനക്കിടങ്ങും, വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും നടന്നില്ല. വനത്തിൽ ആവശ്യത്തിന് തീറ്റ ലഭ്യമല്ലാത്തതിനാലാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതെന്നാണ് വനപാലകർ പറയുന്നത്.