വെഞ്ഞാറമൂട്: ഭരതന്നൂർ ഗവ.എൽ.പി സ്‌കൂളിൽ ബഹിരാകാശ വർഷാചരണത്തിന്റെ ഭാഗമായി റോക്കറ്റിന്റെ കൂറ്റൻ മാതൃക സ്ഥാപിച്ചതിനെ അഭിനന്ദിച്ച് മന്ത്രി വി.ശിവൻകുട്ടി.
മാദ്ധ്യമങ്ങളിലൂടെ വിവരമറിഞ്ഞ മന്ത്രി ഫേസ്ബുക്ക് പേജിൽ റോക്കറ്റിന്റെ വീഡിയോ ഉൾപ്പെടെ പങ്കുവച്ചാണ് സ്‌കൂളിലെ അദ്ധ്യാപകരെയും പി.ടി.എയേയും അഭിനന്ദിച്ചത്. ഫേസ്ബുക്ക് പോസ്റ്രിന് പിന്നാലെ നിരവധിപ്പേർ സ്‌കൂളിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. ഒരുലക്ഷം രൂപ മുടക്കിയാണ് കൂറ്റൻ റോക്കറ്റ് മാതൃക തയ്യാറാക്കിയത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'' ഭരതന്നൂർ ഗവ.എൽ.പി.എസിലെ ബഹിരാകാശ വർഷാചരണത്തിന് തുടക്കം കുറിച്ച് 18 അടി ഉയരത്തിലുള്ള ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിന്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. കുട്ടികൾക്ക് അകത്തുകയറി കാണാൻ സാധിക്കുന്ന രീതിയിലാണ് റോക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. റോക്കറ്റിൽ ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചത് കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഒരനുഭവമായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് ഇത്തരം ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ സ്‌കൂളുകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം കുറിച്ചു ''.