erayamkode

മലയിൻകീഴ്: ഗ്രാമീണ മേഖലകളിൽ ജൈവവൈവിദ്ധ്യ കലവറ തീർത്ത ഉറവവറ്റാത്ത ജലസമ്പത്തായിരുന്ന പൊതുകുളങ്ങൾ ഇന്ന് കരുണകാത്ത് കഴിയുകയാണ്. പായലും വള്ളിപ്പടർപ്പുകളും പടർന്ന് പാർശ്വങ്ങൾ ഇടിഞ്ഞുവീണും ഗ്രാമീണ കുളങ്ങൾ നാശോന്മുഖമായിക്കഴിഞ്ഞു.

ഒരു കാലത്ത് ഗ്രാമീണ ജനതയുടെ കൃഷിക്കും വീട്ടാവശ്യത്തിനുമുള്ള വെള്ളം പ്രധാനം ചെയ്തിരുന്നത് കുളങ്ങളായിരുന്നു. ഇന്ന് അവ സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്. ഗ്രാമസഭകൾ ചേരുമ്പോൾ പൊതുകുളം നവീകരിക്കാനും സംരക്ഷിക്കാനുമായി പദ്ധതികൾ തയാറാക്കുമെങ്കിലും പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ പദ്ധതികളൊന്നും നടത്തിയിട്ടില്ല.

കുളങ്ങൾ നവീകരിക്കുന്നതിന് ഭീമമായ ഫണ്ട് വേണ്ടിവരുമെന്ന കാരണത്താലാണ് പദ്ധതികൾ യാഥാർത്ഥ്യമാകാതെ കിടക്കുന്നത്. പഞ്ചായത്തിലെ പൊതുകുളങ്ങൾ സംരക്ഷിച്ച് ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

നവീകരണങ്ങൾ പാതിവഴിയിൽ

മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല ഇറയംകോട് കുളം അടുത്തിടെ ലക്ഷങ്ങൾ വിനിയോഗിച്ചെങ്കിലും ഉപയോഗയോഗ്യമാക്കാനായില്ല. കാലങ്ങളായി മണ്ണ് മൂടി യോഗ്യമല്ലാതായ എരുത്താവൂർ കുരിശോട്ടുകോണം കുളം പൂർവസ്ഥിതിയിലാക്കാനും കഴിഞ്ഞിട്ടില്ല. മൂന്ന് വർഷത്തിനിടെ നേമം ബ്ലോക്ക് പഞ്ചായത്തിന്റെ 14.5 ലക്ഷം രൂപ വിനിയോഗിച്ച് ഇറയംകോട് കുളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും കുളം ജനങ്ങൾക്ക് പ്രയോജനപ്പെടാതെ കിടക്കുകയാണ്. തൂങ്ങാംപാറ,ഇറയംകോട് പ്രദേശങ്ങളിലുള്ളവർ മുൻകാലങ്ങളിൽ ഈ കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു. 25 ലക്ഷം രൂപ വിനിയോഗിച്ച് കുളം നവീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞെങ്കിലും ഫലമുണ്ടായിട്ടില്ല. കുളത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് കാട് വെട്ടിമാറ്റി നവീകരിച്ചാലേ കുളം പൂർവ സ്ഥിതിയിലാവുകയുള്ളൂ.

ഇഴജന്തുക്കളുടെ

താവളമായി കുളങ്ങൾ

എരുത്താവൂർ പാപ്പാകോട് കുരിശോട്ടുകോണം കുളവും വർഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുകയാണ്. കുളത്തിൽ മണ്ണ് മൂടിയതിനെ തുടർന്ന് ചിലർ കുളത്തിൽ വാഴകൃഷി ആരംഭിച്ചിരുന്നു. പാഴ്ച്ചെടികൾ വളർന്നിറങ്ങി ഇഴജന്തുക്കളുടെ താവളമായിട്ടുണ്ട് ഈ കുളങ്ങൾ.