വിതുര: ചിറ്റാർ പാലം, പന്നിക്കുഴി പാലം, പൊന്നാംചുണ്ട് പാലം എന്നിവയുടെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിതുര കലുങ്ക് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്തംഗം എ.മിനി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, എസ്. സഞ്ജയൻകൂടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ബാബുരാജ്,നീതുരാജീവ്,മേമലവിജയൻ, ബ്ലോക്ക്പഞ്ചായത്തംഗം ആനപ്പാറശ്രീലത, സി.പി.എം ഏരിയ സെക്രട്ടറി പി.എസ്.മധു, എസ്.എൻ.അനിൽകുമാർ, ഇ.എം.നസീർ, എൻ.സുദർശനൻ, എസ്.രവികുമാർ എന്നിവർ പങ്കെടുത്തു.
24.20 കോടി രൂപ വിനിയോഗിച്ചാണ് പുതിയ പാലങ്ങൾ നിർമ്മിക്കുന്നത്. മഴ ശക്തമാകുമ്പോൾ വാമനപുരം നദി കരകവിഞ്ഞ് പൊന്നാംപൂണ്ട് പാലം മൂടി വിതുരയിലും തെന്നൂരും ഗതാഗതം നിലയ്ക്കും. ഇതോടെ നാട്ടുകാർ കിലോമീറ്ററോളം ചുറ്റി പാലോട് വഴി വീട്ടിലെത്തേണ്ട അവസ്ഥയാണ്.ചിറ്റാർ പാലത്തിൽ വെള്ളംമൂടിയാൽ പൊൻമുടിയിലെത്താൻ വഴിയില്ല.ആര്യനാട്-വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനും നാട്ടുകാർ നേരിടുന്ന ഗതാഗതപ്രശ്നത്തിന് പരിഹാരവുമായാണ് പന്നിക്കുഴി പാലം നിർമ്മിക്കുന്നത്.
ചിറ്റാർ പാലം
1905ൽ നിർമ്മിച്ച 8.5മീറ്റർ നീളവും 3.7മീറ്റർ വീതിയുമുള്ള ആർച്ച് ബ്രിഡ്‌ജാണ് ചിറ്റാർ പാലം. തിരുവനന്തപുരത്തുനിന്ന് പൊന്മുടി ഹിൽ സ്റ്റേഷനിൽ എത്താനുള്ളഏക മാർഗമാണിത്. കാലപ്പഴക്കത്താൽ ബലക്ഷയവുമുണ്ട്. നടപ്പാതയോടു കൂടിയതും, ഇരുവഴി ഗതാഗതം സാദ്ധ്യമാക്കുന്ന പാലമാണ് നിർമ്മിക്കുന്നത്.
പന്നിക്കുഴി പാലം
പട്ടൻകുളിച്ചപ്പാറയും, മീനാങ്കലിനെയും ബന്ധിപ്പിക്കുന്ന പാലമാണ്.ഫുട്‌പാത്തോടുകൂടിയ പുതിയപാലത്തിന് ഇരുവശങ്ങളിലുമുള്ള നിലവിലെ റോഡുമായി ബന്ധിപ്പിക്കും.
പൊന്നാംചുണ്ട് പാലം
വിതുര തെന്നൂർ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വാമനപുരം നദിക്ക് കുറുകെയുള്ള പൊന്നാംചുണ്ട് പാലം ഹിൽഹൈവേ അലൈൻമെന്റിൽ ഉൾപ്പെട്ടതാണ്. നിലവിലെ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമ്മിക്കുക.