വക്കം: വക്കം റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഡോക്ടർമാർക്ക് ശബളം നൽകാൻ ഫണ്ടില്ലെന്ന കാരണത്താൽ ഒ.പി ചികിത്സാസമയം ഉച്ചവരെയാക്കി. രാവിലെ 9 മുതൽ രാത്രി 8 വരെ പ്രവർത്തിച്ചിരുന്ന ഹെൽത്ത് സെന്ററിൽ കഴി‍ഞ്ഞദിവസം മുതൽ ഉച്ചയ്ക്ക് രണ്ട്മണികഴിഞ്ഞാൽ ഡോക്ടർമാരില്ലെന്ന ബോർഡ് മാത്രമാണ് ഉള്ളത്. ഉച്ചയ്ക്ക് എത്തുന്ന രോഗികൾ വർക്കലയിലോ, ചിറയിൻകീഴിലോ,ആറ്റിങ്ങലിലോ എത്തിയാൽ ചികിത്സകിട്ടും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ആശുപത്രി റൂറൽ ഹെൽത്ത് സെന്ററായി ഉയർത്തിയത്. തീരദേശ മേഖലയിലെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയവും ഈ ആശുപത്രിയാണ്.

താളംതെറ്റിയ ചികിത്സ

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മേൽനോട്ടത്തിലുള്ള വക്കം റൂറൽ ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയും പ്രസവ ചികിത്സയും ഒക്കെയായി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറിലും ലഭ്യമായിരുന്നു. കാലക്രമേണ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുകയും ചികിത്സാസൗകര്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഫാർമസിയിൽ അവശ്യം വേണ്ട മരുന്നുകൾ പോലുമില്ല. ഇതോടെ രോഗികൾ മറ്റ് ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങി. നിലവിൽ വക്കം, കടക്കാവൂർ പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന് രോഗികളാണ് വർഷ കാലമാരംഭിച്ചതോടെ ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്.

 ബാദ്ധ്യത താങ്ങാൻവയ്യ

രാവിലെ 9 മുതൽ 2 വരെ ഒ.പിയും രണ്ടു മുതൽ രാത്രി എട്ടുവരെ പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗവുമാണ് പ്രവർത്തിച്ചിരുന്നത്. ഒ.പിയിൽ ഒരു മെഡിക്കൽ ഓഫീസറും മെഡിക്കൽ വിദ്യാർത്ഥികളും ചില ദിവസങ്ങളിൽ വിദഗ്ദ്ധ ഡോക്ടറുടെ സേവനങ്ങളും ലഭ്യമായിരുന്നു. അത്യാഹിത വിഭാഗത്തിൽ ഒരു മെഡിക്കൽ ഓഫീസറിന്റെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും സേവനം രാത്രി 8 വരെയും ഉണ്ടായിരുന്നു. ഇരു വാർഡുകളിലായി 15 ഓളം കിടക്കകളും. ശമ്പളം ഉൾപ്പെടെയുള്ള ബാദ്ധ്യത ചിറയിൻകീഴ് ബ്ലോക്കിന് താങ്ങാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഉച്ചയ്ക്കു ശേഷമുള്ള അത്യാഹിത വിഭാഗത്തിലെ ചികിത്സ നിറുത്തി.

 പുതിയ കെട്ടിടം ഒരുങ്ങുന്നു

പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. ജില്ലാ മെഡിക്കൽ മിഷന്റെ ഫണ്ടിൽ നിന്നുള്ള 1.92കോടി രൂപ ചെലവിട്ടാണ് നിർമ്മാണം നടക്കുന്നത്. അത്യാഹിതവിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തോടു ചേർന്നാണ് പുതിയ കെട്ടിടനിർമ്മാണം നടക്കുന്നത്. കിടത്തി ചികിത്സാ സൗകര്യങ്ങളെല്ലാമുള്ള അത്യാഹിതവിഭാഗം നിലവിൽ പ്രവർത്തനമില്ലാതെ പൂട്ടിക്കിടക്കുമ്പോഴാണ് കോടികൾ മുടക്കി പുതിയ കെട്ടിടം പണിയുന്നത്.