തിരുവനന്തപുരം: 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് (കണിയാപുരം രാമചന്ദ്രൻ നഗർ) മുതിർന്ന നേതാവ് അഡ്വ.ജെ.വേണുഗോപാലൻ നായർ പതാക ഉയർത്തി.
നെടുമങ്ങാട് പി.എം.സുൽത്താൻ സ്‌മൃതി മണ്ഡപത്തിൽ നിന്നും മീനാങ്കൽകുമാർ ക്യാപ്ടനായി പുറപ്പെട്ട പതാക ജാഥയും നെയ്യാറ്റിൻകര കെ.കെ.ശ്രീധറിന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നും എ.എസ്.ആനന്ദകുമാർ ക്യാപ്ടനായി പുറപ്പെട്ട ബാനർജാഥയും ചാക്ക എൻ.അരവിന്ദൻ സ്‌മൃതി മണ്ഡപത്തിൽ നിന്നും രാഖി രവികുമാർ ക്യാപ്ടനായി പുറപ്പെട്ട കൊടിമര ജാഥയും പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം സംഗമിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളനനഗറായ പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേർന്നത്. പതാക മന്ത്രി ജി.ആർ.അനിലും ബാനർ മാങ്കോട് രാധാകൃഷ്ണനും കൊടിമരം എൻ.രാജനും ഏറ്റുവാങ്ങി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തു.
ഇന്ന് വൈകിട്ട് 3ന് ആശാൻ സ്‌ക്വയറിൽ നിന്നും റെഡ് വോളന്റിയർ മാർച്ച് ആരംഭിക്കും. മാർച്ചിനു ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന ബഹുജന റാലിയിൽ ജില്ലയിലെ പാർട്ടി/ലോക്കൽ കമ്മിറ്റികൾ പ്രത്യേക ബാനറിന് കീഴിൽ അണിനിരക്കും. വോളന്റിയർ മാർച്ചും ബഹുജന റാലിയും പുത്തരിക്കണ്ടം മൈതാനത്ത് വെളിയം ഭാർഗവൻ നഗറിൽ എത്തിച്ചേരുന്നതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ,ജി.ആർ.അനിൽ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.രാജൻ തുടങ്ങിയവർ സംസാരിക്കും.

8,9 തീയതികളിൽ വഴുതക്കാട് ടാഗോർ തിയേറ്ററിലെ കാനം രാജേന്ദ്രൻ നഗറിലാണ് പ്രതിനിധി സമ്മേളനം. 8ന് രാവിലെ 10ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി.ആർ.അനിൽ,ജെ.ചിഞ്ചുറാണി,​പാർട്ടി നേതാക്കളായ സത്യൻ മൊകേരി, രാജാജി മാത്യൂ തോമസ്,കെ.ആർ.ചന്ദ്രമോഹൻ,സി.പി.മുരളി തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനം 9ന് വൈകിട്ട് സമാപിക്കും. ജില്ലയിലെ 17 മണ്ഡലം സമ്മേളനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും.