വെള്ളറട: മലയോരത്ത് റബർ കർഷകരുടെ ദുരിതം ശമനമില്ലാതെ തുടരുന്നു. ഈയിടെ റബർ ഷീറ്റിന് കിലോയ്ക്ക് 210 രൂപവരെ വിലയുണ്ടായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും 185 രൂപവരെ എത്തിനിൽക്കുന്നു. ഇതിനോടൊപ്പം ഒട്ടുപാലിന്റെ വിലയും ഗണ്യമായി കുറഞ്ഞു. 140 രൂപവരെയായി വിറ്റിരുന്ന ഒട്ടുപാൽ ഇപ്പോൾ 110 രൂപയായി കുറഞ്ഞിരിക്കുകയാണ്.

വ്യാപകമായി റബർ ഇറക്കുമതി ചെയ്യുന്നതുകാരണം റബർ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. പ്രധാന റബർ ഉത്പാദന മേഖലകളിൽ ടാപ്പിംഗ് നടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. പുലർച്ചെ പെയ്യുന്ന മഴ ടാപ്പിംഗ് മുടക്കുകയാണ്.

ഉത്പാദനച്ചെലവിന് ആനുപാതികമായ വിലപോലും കർഷകന് ലഭിക്കുന്നില്ല. പലരും ഉള്ള റബർ മരങ്ങൾ ടാപ്പിംഗ് ചെയ്യാതെ ഇട്ടിരിക്കുകയാണ്. തൊഴിലാളിക്ക് കൂലികൊടുത്ത് ടാപ്പിംഗ് നടത്തിയാൽ കർഷകന് ആദായമില്ല. കർഷകർക്കു പുറമെ ചെറുകിട റബർ കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.

റബർ ഷീറ്റിന് (കിലോയ്ക്ക്

നിലവിൽ 185 രൂപ

ഒട്ടുപാൽ 110 രൂപ

കർഷകർക്ക് നഷ്ടങ്ങളേറെ

മാർക്കറ്റിൽ ദിനംപ്രതി വിലയിലുണ്ടാകുന്ന വ്യത്യാസം കച്ചവടക്കാരെയും കാര്യമായി ബാധിക്കുന്നു. ടൺ കണക്കിന് റബർ വാങ്ങി സ്റ്റോക്ക് ചെയ്യുന്നവർക്ക് ലക്ഷങ്ങളാണ് വിലയിലുണ്ടാകുന്ന കുറവുകാരണം നഷ്ടം വരുന്നത്. ഇതുകാരണം പത്രവിലയിൽ നിന്നും കുറച്ചാണ് കർഷകരിൽ നിന്നും കച്ചവടക്കാർ റബർ വാങ്ങുന്നത്. പ്രധാന ഉത്പാദന കേന്ദ്രമായ വെള്ളറട തുടങ്ങിയ പ്രദേശങ്ങളിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ റബർ വാങ്ങി സംഭരിക്കുന്നതിനുള്ള സ്ഥാപനങ്ങളോ സംവിധാനങ്ങളോ നിലവിലില്ല. ഇതും കർഷകരുടെ ദുരിതം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കച്ചവടക്കാർ പറയുന്ന വിലയ്ക്ക് വിൽക്കുകയേ മാർഗമുള്ളൂ.

ഉത്പാദനച്ചെലവ് വർദ്ധിച്ചു

മലയോരത്തെ പ്രധാന കൃഷിയായ റബർ പലരും ഉപേക്ഷിച്ചു. കൃഷിക്കും സംസ്കരണത്തിനും ആവശ്യമായ ആസിഡുകൾ, ടാർ ബിറ്റുമിൻ, പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ഉത്പാദനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതും കൃഷിക്ക് വെല്ലുവിളിയായി. ഉത്പാദന ചെലവിനനുസരിച്ചുള്ള ആദായം ലഭിക്കില്ലെന്ന് കണ്ടതോടുകൂടിയാണ് മറ്റു കൃഷികളിലേക്ക് തിരിഞ്ഞത്.

വന്യജീവികളുടെ ശല്യവും

വന്യജീവികളുടെ ശല്യംകാരണം കൃഷി ചെയ്ത് ഉപജീവനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. നാട്ടിലിറങ്ങുന്ന കുരങ്ങുകളും മറ്റും റബർ പാൽ തട്ടിത്തെറിപ്പിക്കുന്നതും പതിവാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന റബർ സർക്കാർതന്നെ ന്യായവില നൽകി വാങ്ങി ശേഖരിച്ച് റബറധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിച്ചാൽ കർഷകർക്ക് ഒരു പരിധിവരെ ഗുണം ലഭിക്കുമായിരുന്നു.