തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാർബൺ ബഹിർഗമനത്തിൽ 46.75 ശതമാനം കുറവുണ്ടായതായി രണ്ടാംകാർബൺ ഓഡിറ്റ് റിപ്പോർട്ട്.ഓഡിറ്റ് റിപ്പോർട്ട് പ്രസ്‌ക്ളബിൽ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു. 2019-20ൽ വാർഷിക കാർബൺ ബഹിർഗമനം 2,67,292.01 ടണിൽനിന്ന് 2020 -24 ൽ 1,42,318.71 ടണിലേക്കാണ് കുറഞ്ഞത്.
കാർബൺബഹിർഗമനം കുറയ്ക്കുന്നതിൽ പുരോഗതി രേഖപ്പെടുത്തിയെങ്കിലും മണ്ഡലം ഇപ്പോഴും കാർബൺ പോസിറ്റീവ് നിലയിലാണെന്നും ആറ് ഗ്രാമപഞ്ചായത്തുകളിലും അധിക കാർബൺ ബഹിർഗമനമാണുള്ളതെന്നും റിപ്പോർട്ടിലുണ്ട്.
തോട്ടങ്ങൾ വർദ്ധിച്ചതും ജലസമൃദ്ധിപദ്ധതിയും ബഹിർഗമനം കുറയ്ക്കുന്നതിൽ പങ്കുവഹിച്ചു. റംബൂട്ടാൻതോട്ടം വഴി 19.8 ടൺ കാർബൺഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യാൻ സഹായിച്ചു. സ്ഥാപനാടിസ്ഥാനത്തിലെ ഇടപെടലുകളിലൂടെയും സാമൂഹിക പ്രവർത്തനങ്ങളുടെയും ഫലമായി 15,250.19 ടൺ കാർബൺ ഡൈ ഓക്‌സൈഡ് (22 ശതമാനം) കുറയ്ക്കാനായി. സോളാർ പദ്ധതി ബഹിർഗമനത്തിൽ 20 ശതമാനവും, മാലിന്യമുക്തം കാട്ടാക്കട പദ്ധതി 60 ശതമാനവും കുറവ് വരുത്തി.
പ്രകൃതിദത്ത മാർഗങ്ങളിലൂടെയുള്ള കാർബൺ ആഗിരണം 16.1ശതമാനമാണ്. ആറ് പഞ്ചായത്തുകളും കാർബൺ ആഗിരണത്തിൽ പുരോഗതി പ്രകടമാക്കി. മെച്ചപ്പെട്ട വിളഭൂമി ഉത്പാദനക്ഷമതയും ജലസമൃദ്ധി പദ്ധതിക്ക് കീഴിലുള്ള ഇടപെടലുകളുംമൂലം കാട്ടാക്കട ഗ്രാമപഞ്ചായത്ത് കാർബൺ ആഗിരണത്തിൽ 221 ശതമാനം വർദ്ധനയുമായി മുന്നിലെത്തി. മാറനല്ലൂരും മലയിൻകീഴുമാണ് തൊട്ടുപിന്നിൽ.
സൗരോർജ്ജപദ്ധതിയിൽ കൂടുതൽ വീടുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുക, മാലിന്യമുക്തം കാട്ടാക്കട ശക്തിപ്പെടുത്തുക, ഗതാഗത മേഖലയിലെ മലിനീകരണം കുറയ്ക്കാൻ അടിയന്തര നടപടികൾ,പഞ്ചായത്തുകളിൽ ഇ.വി ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്.
കോഴിക്കോട് ജലവിഭവ വിനിയോഗകേന്ദ്രത്തിന്റെ തിരുവനന്തപുരം റീജിയണൽ സെന്ററിലെ ഡോ.ശ്രുതി കെ.വിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ബഹിർഗമനം കൂടിയ പഞ്ചായത്തുകൾ
1) മലയിൻകീഴ് 1,95,277.24 (34.3%)
2) വിളപ്പിൽ 1,11,0653.49 (19.5%)
3) കാട്ടാക്കട 1,02,402.98 (17.9%)
കുറഞ്ഞ പഞ്ചായത്തുകൾ
1) മാറനല്ലൂർ 69,186.38 (22%)
2) പള്ളിച്ചൽ 52,483.55 (9.2%)
3)വിളവൂർക്കൽ 38,859.2 (6.8%)