r

തിരുവനന്തപുരം: കൃഷിക്കും വീട് വെയ്ക്കാനും പട്ടയംനൽകിയ ഭൂമിയിലെ 1500ച.അടിവരെയുള്ള നിർമ്മാണങ്ങൾ ക്രമപ്പെടുത്താനായി റവന്യു വകുപ്പിൽ സൃഷ്ടിച്ച 222താത്കാലിക തസ്കികകൾ ഒരുവർഷത്തേക്ക് കൂടി നീട്ടി സർക്കാർ. ക്രമപ്പെടുത്തൽ ജോലികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ,കട്ടപ്പന,മുരിക്കാശ്ശേരി,നെടുങ്കണ്ടം,രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ യൂണിറ്റ് നമ്പർ 1സ്‌പെഷ്യൽ തസഹസിൽദാരുടെ കാര്യാലയത്തിലെയും 29 തസ്തികകളുൾപ്പെടെ 203താല്ക്കാലിക തസ്തികകളും ഇടുക്കിജില്ലയിലെ പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19താല്ക്കാലിക തസ്തികകളുമുൾപ്പെടെയാണ് 222 താല്ക്കാലിക തസ്തികകളുള്ളത്.

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ചുവെങ്കിലും പ്രൊഫ.മിനിസുകുമാറിന് ആസൂത്രണബോർഡിലെ വിദഗ്ധാംഗം നിലയിൽ തുടരാൻ മന്ത്രിസഭായോഗം അനുമതി നൽകി. മിനിക്ക് പുനർനിയമനം നൽകും.

എറണാകുളം നായരമ്പലത്തെ ഭഗവതിവിലാസം ഹയർസെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർസയൻസ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചറുടെ 3തസ്തികകളും ജൂനിയർ ഹയർസെക്കൻഡറി സ്കൂൾ ടീച്ചറുടെ 2തസ്തികകളും ഒരു ലാബ് അസിസ്റ്റന്റ് തസ്തികയും സൃഷ്ടിക്കാനും മന്ത്രിസഭ അനുവദിച്ചു. ഇംഗ്ളീഷ് വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ തസ്തിക ഉയർത്തി ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ തസ്തികയാക്കും.സെക്രട്ടേറിയറ്റിലെ പൊതുമരാമത്ത് വകുപ്പിൽ രണ്ട് ഇലക്ട്രോണിക്സ് എൻജിനിയർ തസ്തികകളും പുതുതായി സൃഷ്ടിക്കും. ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ളെയ്സ്ഡ് പ്രിൻസിപ്പൽമാരായിരുന്ന 18പേർക്ക് 2006 ജനുവരി ആറുമുതൽ മുൻകാലപ്രാബല്യത്തോടെ ഹയർസെക്കൻഡറി പ്രിൻസിപ്പൽ തസ്തിക അനുസരിച്ചുള്ള ശമ്പളസ്കെയിൽ അനുവദിച്ചു.