ശംഖുംമുഖം: വിദേശത്ത് നിന്നും വിമാനത്താവളങ്ങളിലൂടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് വ്യാപകമായിട്ടും തടയാൻ നടപടിയെടുക്കാതെ അധികൃതർ. പരിശോധനയ്‌ക്ക് അത്യാധുനിക സംവിധാനങ്ങളില്ലാത്തതാണ് പ്രതിസന്ധി. എക്‌സ്റേ പരിശോധനയിൽ പിടിക്കപ്പെടാത്ത രീതിയിലാണ് ഇപ്പോൾ കഞ്ചാവും മയക്കുമരുന്നും കടത്തുന്നത്.

കഴിഞ്ഞ ദിവസം പിടികൂടിയ 13 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കോഴിക്കോട് സ്വദേശിയിൽ നിന്ന് പിടികൂടിയത് കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇല്ലെങ്കിൽ ഇയാൾ സുഗമമായി പുറത്തുകടന്നേനെയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാനായിട്ടില്ല.

ദിവസങ്ങൾക്ക് മുമ്പ് കർണാടകയിൽ പഠിക്കുന്ന മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികൾ സിംഗപ്പൂരിൽ നിന്നും 10 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിക്കവേ പിടിയിലായിരുന്നു.

അന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്തിയത്. എന്നാൽ ഇത് എവിടേക്കാണെന്നോ ആരൊക്കെയാണ് പിന്നിലെന്നോ കസ്റ്റംസിന് ഇതുവരെ കണ്ടത്താനായിട്ടില്ല.

വിമാനത്താവളത്തിൽ നിലവിലുള്ള എക്‌സറേ പരിശോധനയല്ലാതെ മെറ്റൽ ഡിറ്റക്ടർ പരിശോധനയിൽ സ്വർണം അടക്കമുള്ള ലോഹങ്ങൾ മാത്രമേ കണ്ടെത്താനാകൂ. അതിനാൽ വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകൾ വിശദമായി പരിശോധിക്കുന്നത് പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ലേസർ പരിശോധന അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

പരിശോധിക്കാനും ആളില്ല

തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന് ആവശ്യത്തിനനുസരിച്ചുള്ള അംഗബലമില്ലെന്നും പരാതിയുണ്ട്. 100ലധികം ഉദ്യോഗസ്ഥർ വേണ്ടിടത്ത് 35 പേരാണ് നിലവിലുള്ളത്. നാല് ബാച്ചുകളായാണ് ജോലി ചെയ്യുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ അധികജോലി ചെയ്യേണ്ട അവസ്ഥയാണ്. ലഗേജ് പരിശോധനയ്ക്കൊപ്പം സി.സി ടിവി പരിശോധനയും ഒരേസമയത്തുതന്നെ നടത്തേണ്ടതായതിനാൽ ഉദ്യോഗസ്ഥരുടെ കുറവ് പരിശോധനയെ ബാധിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.