തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള തീയതി ഒരാഴ്ചയോളം നീട്ടിയേക്കും. ഇന്നാണ് സമയം അവസാനിക്കുന്നത്. തീയതി ദീർഘിപ്പിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് 1921430 പേർ പേര് ഉൾപ്പെടുത്താൻ അപേക്ഷിച്ചു. തിരുത്തലിന് 8637 അപേക്ഷയും വാർഡ് മാറ്റാൻ 97824 അപേക്ഷയും ലഭിച്ചു. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ 1,055പേർ സ്വന്തമായി അപേക്ഷ നൽകി. 172579 പേരെ നീക്കം ചെയ്യാനുള്ള അപേക്ഷകളും ലഭിച്ചു. 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.