തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കാർബൺ ന്യൂട്രൽ,​ഹരിത നഗരത്തിന് ആദ്യ ഹരിത കാലാവസ്ഥ ബ‌ഡ്‌ജറ്റുമായി നഗരസഭ. ഏകദേശം 600 കോടിയോളം വരുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്.

കാലാവസ്ഥ വ്യതിയാന തോത് കുറയ്ക്കുക, ​കാർബൺ ന്യൂട്രൽ നഗരം എന്നീ ലക്ഷ്യത്തോടെയുള്ള സമഗ്ര ബഡ്ജറ്റാണ് അവതരിപ്പിക്കുക.

വനവത്കരണം-കൃഷി,മാലിന്യ പരിപാലനം,ഊർജ സംരക്ഷണം,നിർമ്മാണ മേഖല-ദുരന്ത നിവാരണം എന്നീ നാല് മേഖലകൾ കേന്ദ്രീകരിച്ചാണ് ബഡ്‌ജറ്റ്. 2040ഓടെ നഗരത്തെ കാർബൺ മുക്തമാക്കുകയാണ് ലക്ഷ്യം. വേൾഡ് റിസോഴ്സ് ഒഫ് ഇന്ത്യ,എനർജി മാനേജ്മെന്റ് സെന്റർ,ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ എന്നിവരുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ പ്രഖ്യാപനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഇലക്ട്രിക് വാഹനം

പ്രോത്സാഹിപ്പിക്കും

വാഹനങ്ങളിൽ നിന്നാണ് വൻതോതിൽ കാർബൺ പുറന്തള്ളലുണ്ടാകുന്നത്. അതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. നഗരത്തിൽ ഏറ്റവും കൂടുതൽ ഇരുചക്രവാഹന ഉപയോഗിക്കുന്ന വിഭാഗമാണ് ഡെലിവറി ബോയ്സ്. ഇവർക്ക് സബ്സിഡി നിരക്കിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാവുന്ന പദ്ധതി കൊണ്ടുവരും. അതിനായി ആളുകളെ കണ്ടെത്തും. എല്ലാ വാർഡുകളിലെയും ഹരിതകർമ്മ സേനയ്ക്കും ഇ-ഓട്ടോ നൽകും. നഗരസഭ വാഹനങ്ങൾ ക്രമേണ ഇലക്ട്രിക്കാകും.

സോളാറിന് ഇരട്ടി സബ്സിഡി

സോളാർ സ്ഥാപിക്കുന്നതിന് നിലവിലുള്ള സബ്സിഡിയേക്കാൾ നഗരസഭ തലത്തിലും സബ്സിഡി നൽകാൻ പദ്ധതി. പാനലുകൾ സ്ഥാപിക്കുന്ന ചെലവ് ഇതുവഴി കുറയും. നിലവിൽ നഗരത്തിലെ 567 കെട്ടിടങ്ങളിൽ സോളാർ സ്ഥാപിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകളിലൂടെ 17,000 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

കെട്ടിട നിർമ്മാണ രീതി

നിർമ്മിക്കാനൊരുങ്ങുന്ന വലിയ കെട്ടിടങ്ങൾ,വീടുകൾ എന്നിവയിൽ ഊർജ സംരക്ഷണം,കാർബൺരഹിത പ്രവർത്തനങ്ങൾ എന്നിവ എങ്ങനെ ഫലപ്രദമായി ചെയ്യാനാകുമെന്ന മാർഗരേഖ തയ്യാറാക്കും.

മറ്റ് പ്രധാന പദ്ധതികൾ

കൃത്യമായ മാലിന്യസംസ്കരണം

കുളങ്ങളുടെ നവീകരണം.വെള്ളപ്പൊക്ക ലഘൂകരണ പദ്ധതികൾ

സാമൂഹ്യ വനവത്കരണം,​പച്ചത്തുരുത്തുകൾ,​വീട്ടിലെ അടക്കുള

പൂന്തോട്ടങ്ങൾ എന്നിവ വ്യാപിപ്പിക്കൽ.

തലസ്ഥാനം മുന്നിലാകും

10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 65 ആണ് തിരുവനന്തപുരത്തിന്റെ വായുഗുണനിലവാര സൂചിക. ഡൽഹി 310,മുംബയ് 150,ചെന്നൈ 90,കൊച്ചി 80 എന്നിങ്ങനെയാണ് മറ്റ് സൂചികകൾ.