photo

പാലോട്: ഉണങ്ങി വരണ്ട മണ്ണിലേക്ക് പുതുമഴ പെയുമ്പോഴുള്ള ഗന്ധം അത്തറിന്റെ രൂപത്തിലാക്കി വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് പാലോട് ജവഹർലാൽനെഹ്റു ട്രോപ്പിക്കൽബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. സസ്യങ്ങളിൽ നിന്ന് പിടിച്ചെടുത്ത് 'ട്രോപ്പിക്കൽ സോയിൽ സെന്റ്' എന്ന പേരിലാണ് ഇവ വിപണിയിലെത്തിക്കുന്നത്. ഇതിനു പുറമേ പ്രാഥമിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി സുരക്ഷിതവും ലളിതവും ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഹെർബൽ ഹെല്‍ത്ത് കെയര്‍ കിറ്റ് വികസിപ്പിക്കുന്ന ആശയത്തിലും മുന്നിലാണ് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ. എട്ടോളം ഹെര്‍ബല്‍ ഉത്പ്പന്നങ്ങളാണ് വികസിപ്പിക്കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഇവ ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് പരമ്പരാഗതവും ആയുര്‍വേദവുമായ വൈദ്യശാസ്ത്ര പരിജ്ഞാനത്തിന്റെ സവിശേഷമായ മിശ്രിതത്തിന്റെ ഫലമാണ്.

 ചെലവും കുറഞ്ഞു

ഉത്തർപ്രദേശിൽ വികസിപ്പിച്ച 'മിട്ടി കാ അത്തറിന്' പകരമായി താരതമ്യേന ചിലവു കുറഞ്ഞ രീതിയിലാണ് ജെ.എൻ.ടി.ബി.ജി.ആർ.ഐ അത്തർ വികസിപ്പിക്കുന്നത്. സൂര്യപ്രകാശത്തിൽ ഉണക്കിയ ചൂടുള്ള മണ്ണ് വാറ്റിയെടുത്താണ് 'മിട്ടി കാ അത്തർ' നിർമ്മിക്കുന്നത്. ഇതിന്റെ നിർമാണ ചെലവ് വിലയും കൂടുതലാണ്. അതേസമയം പുതുമഴയുടെ ഗന്ധം സസ്യ സ്രോതസുകളിൽ നിന്ന് പുനർനിർമ്മിക്കാൻ കഴിയുമെന്നതാണ് ജെ.എൻ.ടി.ബി.ജി.ആർ.ഐ കണ്ടെത്തലിന്റെ ഗുണം. ഇതിന് നിർമാണ ചിലവ് കുറവാണ്.