കാർഷിക മേഖലയുടെ സ്ഥിര വളർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും തുടർച്ചയായ പരിഷ്കാരങ്ങളും കർഷക കേന്ദ്രീകൃത സംരംഭങ്ങളും കാരണമായിട്ടുണ്ട്. നെല്ല്, ഗോതമ്പ്, ചോളം, നിലക്കടല, സോയാബീൻ എന്നിവയിൽ രാജ്യം റെക്കാർഡ് ഉത്പാദനമാണ് കൈവരിച്ചത്. 2024-25 കാർഷിക വർഷത്തിൽ നമ്മുടെ പ്രധാന കാർഷിക വിളകളുടെ ആകെ ഉത്പാദനം ഏകദേശം 353.96 ദശലക്ഷം ടൺ ആയി കണക്കാക്കപ്പെടുന്നു, ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഭക്ഷ്യധാന്യ ഉത്പാദനവും, പത്തുവർഷത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതലുമാണ്.
1960- കൾക്കു മുമ്പുള്ള ക്ഷാമത്തിൽ നിന്നും ഭക്ഷ്യ അരക്ഷിതാവസ്ഥയിൽ നിന്നും ഇന്ത്യൻ കാർഷിക മേഖല ഇന്ന് ഭക്ഷ്യ മിച്ചം കൈവരിക്കുന്നതിലേക്ക് മാറിയിരിക്കുന്നു. ജനസംഖ്യാ വളർച്ച ഭക്ഷ്യ ഉത്പാദനനത്തെ മറികടക്കുമെന്ന മാൽത്തൂസിയൻ വിശ്വാസത്തെ ഈ കണക്ക് നിരാകരിക്കുന്നു. 1967-ൽ വില്യമും പോൾ പാഡോക്കും ഇന്ത്യയിൽ ദാരിദ്ര്യം ഉണ്ടാകുമെന്ന് പ്രവചിച്ചു, വർദ്ധിച്ചുവരുന്ന ജനസംഖ്യയെ പോറ്റാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് അവകാശപ്പെടുകയും ഭാവിയിൽ പട്ടിണി കൂടുമെന്ന് ഭയന്ന് മറ്റു രാജ്യങ്ങൾക്ക് ഭക്ഷ്യസഹായം നല്കുന്നതിനെതിരെ വാദിക്കുകയും ചെയ്തു.
ഉയർന്ന വിളവു നല്കുന്ന അരി, ഗോതമ്പ് ഇനങ്ങൾ, കാർഷിക രാസവസ്തുക്കൾ, ജലസേചനം എന്നിവയാൽ നയിക്കപ്പെടുന്ന ഹരിത വിപ്ലവം, 1966-67ൽ 74 ദശലക്ഷം ടണ്ണായിരുന്ന ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉത്പാദനത്തെ 1979- 80 ഓടെ 130 ദശലക്ഷം ടണ്ണായി വർദ്ധിപ്പിച്ച് പാഡോക്കിന്റെ വാദം തെറ്റാണെന്ന് തെളിയിച്ചു. വാർഷിക നേട്ടം 8.1 ദശലക്ഷം ടണ്ണായി (2014- 2025) ഉയർന്ന്, 354 ദശലക്ഷം ടണ്ണിലെത്തി. ഹോർട്ടികൾച്ചറും 1960-കളിലെ 40 ദശലക്ഷം ടണ്ണിൽ നിന്ന് 2024- 25 ൽ 334 ദശലക്ഷം ടണ്ണായി. അടുത്തിടെ 7.5 ദശലക്ഷം ടണ്ണിന്റെ വാർഷിക വർദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്ന ഇനങ്ങളിലെയും പ്രതിരോധ ശേഷിയുള്ള കൃഷി രീതികളിലെയും പുരോഗതി കാരണം വിള ഉത്പാദനം കൂടുതൽ സ്ഥിരത കൈവരിച്ചു.
ഇന്ത്യയുടെ ക്ഷീരമേഖലയും മത്സ്യബന്ധന മേഖലകളും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 1970-കളിൽ ആരംഭിച്ച ധവള വിപ്ലവം, പാൽ ഉത്പാപദനം യൂറോപ്പിനെ വെല്ലുന്ന തരത്തിൽ 20 ദശലക്ഷം ടണ്ണിൽ നിന്ന് 239 ദശലക്ഷം ടണ്ണായി ഉയർത്തി. 1980-കളിലെ നീല വിപ്ലവം 2024-25 ആകുമ്പോഴേക്കും മത്സ്യ ഉത്പാദനത്തെ എത്തിച്ചത് 2.4 ദശലക്ഷം ടണ്ണിൽ നിന്ന് 19.5 ദശലക്ഷം ടണ്ണായിട്ടായിരുന്നു. ഇത് ഇന്ത്യയെ രണ്ടാമത്തെ വലിയ സമുദ്രോത്പന്ന ഉത്പാദകനും കയറ്റുമതിക്കാരനുമായി മാറ്റി. ഇതേ കാലയളവിൽ കോഴി വളർത്തൽ വീട്ടുമുറ്റത്ത് നിന്ന് വ്യവസായത്തിലേക്ക് പരിണമിച്ചു. മുട്ട ഉത്പാദനം 10 ബില്യണിൽ നിന്ന് 143 ബില്യണായും, കോഴിയിറച്ചി 1,13,000-ത്തിൽ നിന്ന് 50,19,000 ടണ്ണായും ഉയർന്നു.
2014-15 നു ശേഷമുള്ള പത്തുവർഷംകൊണ്ട് മൃഗങ്ങൾ ഉറവിടമായ ഭക്ഷ്യോത്പാദനം അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. പ്രജനനം, വിഭവ നിർവഹണം, വൈദഗ്ദ്ധ്യമുള്ള മനുഷ്യവിഭവ ശേഷി എന്നിവയിലെ സാങ്കേതിക പുരോഗതിയാണ് ഈ കുതിച്ചുചാട്ടത്തിന് സഹായകമായത്. പഴങ്ങൾ, പച്ചക്കറികൾ, മൃഗ ഉത്പന്നങ്ങൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഭക്ഷണങ്ങൾ ഇപ്പോൾ ഭക്ഷ്യധാന്യ വളർച്ചയെ മറികടക്കുന്നു. രാജ്യത്തിന്റെ ഭക്ഷ്യോത്പാദന വിജയം പോഷകാഹാരം, കർഷക വരുമാനം, കാലാവസ്ഥാ പ്രതിരോധം, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയുടെയും നയത്തിന്റെയും പരിവർത്തനാത്മകമായ പങ്ക് വ്യക്തമാക്കുന്നതാണ്. സർക്കാർ സംരംഭങ്ങൾ വിഭവ ഉപയോഗം വർദ്ധിപ്പിച്ചും, അപകടസാദ്ധ്യതകൾ കുറച്ചും, കാർഷിക- ഭക്ഷ്യ സമ്പ്രദായത്തിലുടനീളം സാങ്കേതികവിദ്യ സ്വീകരിക്കൽ പ്രോത്സാഹിപ്പിച്ചും കാർഷിക വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.