1

നാഗർകോവിൽ: കുലശേഖരം റബർ സ്‌മോക്ക് ഹൗസിൽ വൻ തീ പിടിത്തം. കുലശേഖരം, ചെക്കലിൽ ജോർജിന്റെ റബർ സ്‌മോക്ക് ഹൗസിലാണ് തീ പിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ 3ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് ജോർജ് 4 ടൺ റബർ ഷീറ്റ് സ്‌മോക്ക് ഹൗസിൽ ഇട്ടിരുന്നു. ഇന്നലെ പുലർച്ചെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുലശേഖരം ഫയർ ഫോഴ്‌സിന് വിവരം നൽകി. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്. 10 ലക്ഷം രൂപയുടെ നാശനഷ്ട്ടമുണ്ടായതായി ജോർജ് പറഞ്ഞു. കുളശേഖരം പൊലീസ് അന്വേഷണം ആരംഭിച്ചു.