പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്തിലെ കാവുംകുളം കുടിവെള്ള പദ്ധതി നിർമ്മാണം തുടങ്ങി കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തിയാകാതെ പാതിവഴിയിൽ ഉപപേക്ഷിച്ചതോടെ പ്രദേശത്ത് കുടിവെള്ളം രൂക്ഷം. മഴക്കാലത്തുപോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവരാണ് തീരദേശവാസികൾ. ശുദ്ധജലം വില കൊടുത്തുവാങ്ങുന്നവരും പ്രദേശത്തുണ്ട്. വർഷം 25 കഴിഞ്ഞിട്ടും ലക്ഷ്യം കാണാൻ ഇനിയുമെത്ര കാലം കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ. ഏത് വേനലിലും വറ്റാത്ത കിണറാണ് കാവുംകുളത്തുള്ളത്. തുടർ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയാൽ പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായി കാവുംകുളം കുടിവെള്ള പദ്ധതി മാറും.
ലക്ഷ്യം ശുദ്ധജല വിതരണം
2000 ലാണ് കാവുംകുളം രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ തുടക്കം. പട്ടികജാതി കോളനികളിൽ ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 5.50 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ഇതിനായി നീക്കിവച്ചത്. ജലസമൃദ്ധമായ കാവുംകുളത്ത് ഇതിനായി 3സെന്റ് ഭൂമി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിലയ്ക്ക് വാങ്ങി നൽകി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ വേലായുൻപിള്ള ഒരു സെന്റ് ഭൂമി പദ്ധതിക്കായി സംഭാവനയായും നൽകി. ഇവിടെ 10 അടി വിസ്തൃതിയിൽ 25 അടി താഴ്ചയിൽ ഒരു കിണർ നിർമ്മിക്കുകയായിരുന്നു.
പദ്ധതിയും നീണ്ടു
2005ൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി വിപുലീകരിച്ചു. തീരദേശ വാർഡുകൾ ഉൾപ്പെടെ പഞ്ചായത്തിന്റെ 6 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി. പമ്പ് ഹൗസ്, വാട്ടർ ടാങ്ക്, ത്രീഫേസ് ഇലക്ട്രിക്ക് ലൈൻ എന്നിവ സ്ഥാപിച്ചു. 300 മീറ്റർ അകലെ നിർമ്മിച്ച വാട്ടർ ടാങ്കിലേക്കുള്ള ലൈനിനായി സ്വകാര്യ വസ്തുവിൽ പ്പൈപ്പ് കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും കോടതിയുടെ സ്റ്റേ ഓർഡർ ഉള്ളതിനാൽ ആ ശ്രമം പരാജയപ്പെട്ടു. പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ നീണ്ടതോടെ പദ്ധതിയും നീണ്ടു.
മുഖം തിരിച്ച് അധികൃതർ
കേസ് നിലനിന്ന ഭൂമി ഇപ്പോൾ പള്ളിയുടേതാണ്. പ്പൈപ്പ് സ്ഥാപിക്കാൻ തടസ്സമില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ചുമതല അന്ന് ഏല്പിച്ചത് വാട്ടർ അതോറിട്ടിയെയാണ്. പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള ഫണ്ട് ഇപ്പോഴും വാട്ടർ അതോറിട്ടിയിൽ നിക്ഷിപ്തമാണ്. പ്പൈപ്പ് കുഴിച്ചിടാൻ തടസ്സമില്ലെന്ന് അതോറിട്ടിയെ അറിയിക്കുന്നതോടെ നിർമ്മാണ പ്രവർത്തനം പുനഃരാരംഭിക്കാൻ കഴിയും. എന്നിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ വിമുഖത കാട്ടുന്നതായി പരാതിയുണ്ട്.