ശ്രീകാര്യം: സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) താത്കാലിക വി.സിയെ മാറ്റി സ്ഥിരം വി.സിയെ നിയമിക്കണമെന്നാവശ്യപ്പെട്ട്, ശ്രീകാര്യത്തെ സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം.സർവകലാശാല ഗേറ്റും മതിലും ബാരിക്കേഡും ചാടിക്കടന്ന് അകത്തുകയറിയ പ്രവർത്തകർ വി.സിയുടെ മുറിക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു.പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ, ഏറെനേരം സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. കെ.ടി.യുവിന്റെ മതിലും പൊലീസ് ബാരിക്കേഡും ഭേദിച്ച് പ്രവർത്തകർ,പ്രധാന ബ്ലോക്കിലേക്ക് ഇരച്ചുകയറിയതോടെ പലതവണ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. വി.സിയുടെ ഓഫീസിന് മുന്നിലാണ് പ്രവർത്തകർ ഉപരോധം തീർത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുതിർന്ന എസ്.എഫ്.ഐ നേതാക്കളും സ്ഥലത്തെത്തിയ ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്.
വിദ്യാർത്ഥികളെ സാരമായി ബാധിക്കുന്ന ഇയർ ഔട്ട് സമ്പ്രദായം ഒഴിവാക്കണമെന്നും പരീക്ഷാഫലങ്ങൾ സമയബന്ധിതമായി പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്,സെക്രട്ടറി പി.എസ്.സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഘപരിവാർ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന താത്കാലിക വി.സി ഉടൻ രാജിവയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഉപരോധ സമരത്തെ തുടർന്ന് സർവകലാശാലയുടെ പ്രവർത്തനം മണിക്കൂറുകളോളം സ്തംഭിച്ചു.
ക്യാപ്ഷൻ: സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ സമരവുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയുടെ ഗേറ്റും മതിലും ചാടി അകത്ത് കടക്കുന്നു