photo

ഇതുവരെ തുടങ്ങിയത് 424 സ്‌കൂളിൽ

...........................

തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്തെ ആയിരം വിദ്യാലയങ്ങളിൽ മാ കെയർ സ്റ്റോറുകൾ ആരംഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ 'മാ കെയർ സ്റ്റോർ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കരമന ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു.

മാ കെയർ സ്റ്റോറുകൾ ആരംഭിക്കുന്നതോടെ സ്‌കൂൾ പരിസരങ്ങളിൽ ലഹരിപദാർത്ഥങ്ങൾ വിൽക്കുന്ന ശക്തികൾക്ക് കുട്ടികളിലേക്ക് എത്താനുള്ള അവസരമില്ലാതാകുമെന്ന് മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസവകുപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾക്കാണ് മാകെയർ വഴി പരിഹാരം കാണുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കുട്ടികളുടെ സുരക്ഷയും ആരോഗ്യകരമായ പഠനാന്തരീക്ഷവും മുൻനിറുത്തി സംസ്ഥാനത്തെ പതിന്നാലായിരം സ്‌കൂളുകളിലും മാ കെയർ പദ്ധതി ആരംഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ മുഖ്യാതിഥിയായി. കരമന ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷൈലമ്മ ടി.കെ, കരമന ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ശ്രീജ പി, നഗരസഭാ വാർഡ് കൗൺസിലർ മഞ്ജു ജി.എസ്, തിരുവനന്തപുരം സി.ഡി.എസ് 3 അദ്ധ്യക്ഷ ഷൈന ടി എന്നിവർ ആശംസയും കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോഓർഡിനേറ്റർ രമേഷ് ജി.നന്ദിയും പറഞ്ഞു.