f

തിരുവനന്തപുരം : മെഡിസെപ്പ് എന്ന പേരിൽ അദ്ധ്യാപകർക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കും നടപ്പിലാക്കിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം വർദ്ധിപ്പിക്കാനുള്ള തീരുമാനം കടുത്ത വഞ്ചനയാണെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. ആദ്യഘട്ടത്തിൽ ജീവനക്കാരിൽനിന്നും പണം പിരിച്ചെടുത്തെങ്കിലും യാതൊരു ഗുണവുമുണ്ടായിട്ടില്ല. മികച്ച ചികിത്സ കിട്ടുന്ന ആശുപത്രികൾ മെഡിസെപ്പ് അംഗീകരിച്ചിരുന്നില്ല. മെഡിസെപ്പിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് രണ്ടാംഘട്ടമായി പ്രീമിയംതുക 50ശതമാനം വർദ്ധിപ്പിച്ച്, 750 രൂപയാക്കി പദ്ധതി തുടരാൻ തീരുമാനിച്ചത്.
അദ്ധ്യാപകരുടെയോ ജീവനക്കാരുടെയോ സംഘടനകളുമായി കൂടിയാലോചിക്കാതെ, സർക്കാർ വിഹിതം ഉറപ്പുവരുത്താതെ, കോർപ്പറേറ്റുകൾക്ക് സഹായകമാകുന്ന ഇൻഷ്വറൻസ് പദ്ധതി തുടരണോ എന്ന കാര്യത്തിൽ സർക്കാർ റഫറണ്ടത്തിന് തയ്യാറാകണം. സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി മികച്ച ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നില്ലെങ്കിൽ മെഡിസെപ്പ് അവസാനിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ എന്നിവർ ആവശ്യപ്പെട്ടു.