തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനം ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രത്യേക കോർ ടീം രൂപീകരിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായ ടീമിൽ അഡിഷണൽ സെക്രട്ടറി, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ, കെ.ആർ.എഫ്.ബി (പി.എം.യു) പ്രൊജക്ട് ഡയറക്ടർ, നിരത്ത്, പാലങ്ങൾ, ദേശീയപാത, ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർമാർ, റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി (റിക്ക്), പ്രതീക്ഷ ആശ്വാസ് മാനേജിംഗ് ഡയറക്ടർമാർ എന്നിവർ അംഗങ്ങളാണ്. തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്താൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഓരോ ജില്ലകളിലെയും പ്രവൃത്തി ചീഫ് എൻജിനിയർമാർ വിലയിരുത്തും. ജില്ലകൾക്കായി പ്രത്യേക ഇൻസ്‌പെക്ഷൻ ടീമും രൂപീകരിച്ചു. ഇവർ 25ന് മുൻപ് പരിശോധന നടത്തി റിപ്പോർട്ട് നൽകണം. തീർത്ഥാടന കാലം അവസാനിക്കും വരെ പരിശോധന തുടരും. ജില്ലകളിലെ എല്ലാ പ്രവൃത്തികളും നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനയർമാർ ഏകോപിപ്പിക്കണം.
നിലവിലെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി റിയാസ് യോഗത്തിൽ നിർദ്ദേശം നൽകി. സാങ്കേതികാനുമതി, ടെൻഡർ നടപടികൾ പൂർത്തിയാക്കൽ തുടങ്ങിയവയും സമയബന്ധിതമായി നടപ്പാക്കണം. തീർത്ഥാടന കാലത്തിന് മുൻപ് മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണം.
യോഗത്തിൽ മന്ത്രി വീണാജോർജ്, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായണൻ, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, അഡിഷണൽ സെക്രട്ടറി ഷിബു.എ, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ, ചീഫ് എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപകട റോഡുകളിൽ സുരക്ഷാപരിശോധന
അപകടമുണ്ടാകുന്ന റോഡുകളിൽ സുരക്ഷാപരിശോധന നടത്തണം
വിവിധ ഭാഷകളിലുള്ള സൈൻ ബോർഡുകൾ ഉറപ്പാക്കണം
റോഡുകളുടെ ഇരുഭാഗങ്ങളിലെയും കാട് വെട്ടിത്തെളിച്ച് കാൽനട യാത്രയ്‌ക്ക് സൗകര്യമൊരുക്കണം
തെരുവ് വിളക്ക്, ഡ്രെയിനേജ് എന്നിവ കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം
റസ്റ്റ് ഹൗസുകളിൽ സൗകര്യങ്ങളൊരുക്കണം
പാലങ്ങളുടെ കൈവരികൾ പരിപാലിക്കണം
പാലങ്ങളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണം